ആദ്യം രണ്ട് പ്രധാന വാർത്താ തലക്കെട്ടുകൾ വായിക്കാം. ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിലെയാണ് ആദ്യത്തെ വാർത്ത. ദേശീയ തലസ്ഥാനത്തെ സ്ഫോടനത്തോടെ രാജ്യത്തിൻറെ സുരക്ഷ അപകടത്തിലായ പാശ്ചത്തലത്തിൽ ആഭ്യന്തര മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ബിജെപയുടെ നേതാവ് കൂടിയായ ഡൽഹി മുഖ്യമന്ത്രി ആരോപിച്ചു. ആഭ്യന്ത്ര മന്ത്രി ഉടൻ രാജിവച്ച് രാജ്യത്തെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്യാൻ പാർലമെന്റ് സെഷൻ വിളിക്കണമെന്നും ബിജെവി വക്താവ് ആവശ്യപ്പെട്ടു.
ഇനി അടുത്ത വാർത്ത. ടൈംസ് ഓഫ് ഇന്ത്യയിലെ ആണ്. ഭീകരാക്രമണത്തിൻറെ പാശ്ചാത്തലത്തിൽ സുരക്ഷാ വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദേശീയ സുരക്ഷാ കൗൺസിൽ അധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്ത്രര മന്ത്രി രാജിവച്ചു.
നിങ്ങൾ ഞെട്ടിയോ. ഭീകരാക്രമണം ഉണ്ടായാൽ അത് ആഭ്യന്ത്രര മന്ത്രാലയത്തിൻറേയും മന്ത്രിയുടേയും പരാജയമാണെന്നാണ് ബിജെപിയുടെ നിലപാട്. അതുകൊണ്ട് തന്നെ ആഭ്യന്തര മന്ത്രി സുരക്ഷാ വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചിരിക്കുന്നു. ഞാൻ ഇല്ലാത്ത വാർത്ത വായിക്കുകയാണെന്ന് തോന്നിയോ. ഒരിക്കലുമല്ല, ഇത് 100 ശതമാനം സത്യസന്ധമായ വാർത്തയാണ്. ഇതൊക്കെ ഇവിടെ നടക്കുമോ എന്ന് ചിന്തിക്കേണ്ട. ഇത് നമ്മുടെ ഇന്ത്യയിൽ തന്നെ നടന്നിരിക്കുന്നു. ഈ മോദിയുഗത്തിൽ ഇത്തരം നിലപാടുകളോ എന്ന് ആലോചിച്ച് കൂടുതൽ കൺഫ്യൂഷനാവേണ്ട. വാർത്ത സത്യമാണെങ്കിലും ചെറിയൊരു ട്വിസ്റ്റുണ്ട്. വാർത്തക്ക് കുറച്ച് പഴക്കമുണ്ട്. അത്ര അധികമൊന്നുമല്ല, എന്നാലും ഇത്തരം നിലപാടുകളും വാർത്തകളും കാണണമെങ്കിൽ നിങ്ങൾ മോദി യുഗത്തിനു പുറകിലോട്ട് ഒന്ന് സഞ്ചരിച്ചേ പറ്റൂ.
2008 ലെ ഡൽഹി മുംബൈ ആക്രമണങ്ങളുടെ പാശ്ചത്തലത്തിലാണ് അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചതും.
അപ്പോൾ അന്ന് ബിജെപി ആവശ്യപ്പെട്ട ആ ധാർമികത ഇന്നത്തെ ആഭ്യന്തര മന്ത്രിയായ അമിത്ഷായ്ക്ക് ബാധകമല്ലേ. അങ്ങനൊന്നും ചോദിക്കാൻ പാടില്ല. കാരണം ചോദിക്കുന്നവന്റെ വീട്ടിലും ഓഫീസിലും അടുത്ത ദിവസം ചോദിച്ചവൻറെ സുഖവിവരം അന്വേഷിക്കാനും സർക്കാർ ചെലവിൽ ഭക്ഷണം ലഭ്യമാക്കാനും ഇഡി എന്നോ സിബിഐ എന്നോ എൻഐഎ എന്നോ ഒക്കേ പേരുള്ള ചില മാമന്മാർ എത്തും. സർക്കാർ ചെലവിൽ കഴിയുന്നതിൽ താൽപര്യമില്ലാത്ത വിശാല മനസ്കരാണ് ഇന്നത്തെ രാഷ്ട്രിയ നേതാക്കളിൽ പലരുമെന്നതിനാൽ അവരാരും കമാന്നൊരക്ഷരം മിണ്ടുകയുമില്ല. പിന്നെ അമിത് ഷാ എന്തിന് രാജി വക്കണം. ഇനി രാജിച്ചാൽ തന്നെ പകരം ആരാ കസേരയിൽ കയറി ഇരിക്കാൻ ധൈര്യപ്പെടുക. അതുകൊണ്ട് തൽക്കാലം നമ്മൾ സുരേഷ്ഗോപി പറഞ്ഞ പ്രജാ ദൈവങ്ങൾ സ്വന്തം കാര്യം നോക്കി കഞ്ഞി കുടിച്ച് ജീവിച്ചു കൊള്ളുക. പിന്നെ വല്ല പൊട്ടുന്ന ബോംബബിൻറെ പരിസരത്തൊന്നും പോവാതെ സൂക്ഷിച്ചാൽ കുറച്ചു കാലം കൂടി ജീവിക്കാം. അല്ലാതെ ജനാധിപത്യമാണെന്നൊക്കെ പറഞ്ഞ് ആധിപത്യവുമായി വന്നാൽ ശിഷ്ടകാലം ആധിയുമായി ജീവിക്കേണ്ടി വരും.
എന്തായാലും നമുക്ക് ഇപ്പോഴത്തെ സാഹചര്യം ഒന്ന് പരിശോധിക്കാം. നരേന്ദ്ര മോദിയുടെ ഭരണം തുടങ്ങിയ ശേഷം ഇത് 12-ാം വർഷത്തിലാണ് രാജ്യം. അതായത് ഒരു വ്യാഴവട്ടക്കാലം പൂർത്തിയാവുന്നു. കാശ്മീരിലും അതിർത്ഥികളിലും ചില അതിക്രമങ്ങളും നക്സൽ മേഖലയിലെ ചില ചില്ലറ പ്രശ്നങ്ങളും ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും രാജ്യത്തിൻറെ തലസ്ഥാനത്ത് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പറയുമ്പോൾ കർഷക സമരവും പൗരത്വ ബില്ലിനെതിരായ സമരവുമെല്ലാം നടന്നത് തലസ്ഥാനത്താണെങ്കിലം ഭീകരാക്രമണം എന്നു വിളിക്കാവുന്ന സംഭവങ്ങൾ ഇല്ലായിരുന്നു. എന്നാൽ മുൻകാലങ്ങളിൽ അങ്ങനായിരുന്നില്ല.
ഈ നൂറ്റാണ്ടിലെ കാര്യങ്ങൾ തന്നെയെടുത്താൽ 2001 ൽ പാർലമെൻറിന് നേരെ തന്നെ ആക്രമണം നടന്നത് രാജ്യത്തെ തന്നെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു. പിന്നീട് 2005 ലെ ദീപാവലിയുടെ തലേദിവസം ഷോപ്പിംഗിനായി തലസ്ഥാനത്തെ മാർക്കറ്റുകളിലേക്കിറങ്ങിയ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ മൂന്ന് സ്ഫോടനങ്ങളിലായി 70 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് 2008 ൽ സെപ്തംബർ 13 ന് ഇന്ത്യാ ഗേറ്റും കരോൾ ഭാഗുമുൾപ്പെടെ 5 സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 33 പേർ കൊല്ലപ്പെടുകയുണ്ടായി. ഇതിനെ തുടർന്നാണ് നമ്മൾ ആദ്യം വായിച്ച ആഭ്യന്തര മന്ത്രിയുടെ രാജി സംഭവിച്ചത്. അതിനു ശേഷം 2011 സെപ്തംബർ 7 ന് ഡൽഹി ഹൈക്കോടതിയുടെ ഗേറ്റിനു മുന്നിൽ നടന്ന ബ്രീഫ് കേസ് ബോംബ് സ്ഫോടനത്തിൽ 15 പേർ മരിച്ചു. ലഷ്കർ ഇ തൊയ്ബ, ഇന്ത്യൻ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളായിരുന്നു ഇതിനു പിന്നിൽ.
ഈ സംഭവങ്ങൾക്ക് ശേഷം 15 വർഷത്തോളമായി രാജ്യ തലസ്ഥാനം ശാന്തമായിരുന്നു. അതിനുശേഷം മോദി ഭരണത്തിനു കീഴിൽ ആദ്യമായാണ് ഇക്കഴിഞ്ഞ ദിവസം കാർ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടത്. ഇതിനിടയിൽ അതിർത്ഥികളിലും മറ്റു പ്രദേശങ്ങളിലും ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യ തലസ്ഥാനത്ത് ഇത് ആദ്യമായാണ് സംഭവിച്ചത്. അതുകൊണ്ട് പ്രധാനമന്ത്രിയില് നിന്നും കുറച്ചുകൂടി ഗൗരവതരവും ഉത്തരവാദിത്തപൂർണ്ണവുമായ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആൾ സ്ഥിരം ഡലയോഗ് തന്നെയാണ് എടുത്തു വീശിയത്. അക്രമകാരികളോട് ഒട്ടും വിട്ടുവീഴ്ച ചെയ്യില്ല, എല്ലാവരേയും നിയമത്തിൻറെ മുന്നിൽ കൊണ്ടുവരും, കനത്ത തിരിച്ചടി നൽകും. ഇത്രയും പറഞ്ഞ് ആൾ ഭൂട്ടാനിൽ സന്ദർശനത്തിലാണ്.
എന്തായാലും അമിത് ഷാ രാജിവെക്കുമെന്നൊന്നും തൽക്കാലത്തേക്ക് ആരും ആശങ്കപ്പെടേണ്ടതില്ല. രാജ്യം അമ്പത്താറ് ഇഞ്ച് നെഞ്ചളവുള്ള കരുത്തുറ്റ കരങ്ങളിൽ സുരക്ഷിതമാണ് എന്ന് കണ്ണുംപൂട്ടിയങ്ങ് വിശ്വസിച്ചു കൊള്ളുക. രണ്ടു ദിവസം കഴിഞ്ഞാൽ ബീഹാർ തെരഞ്ഞെടുപ്പ് ഫലം വരും. അതു കഴിഞ്ഞാൽ വേറെ എന്തേങ്കിലും വരും. അപ്പോൾ ഇതൊക്കെ ആരോർക്കാൻ. എന്തായാലും അടുത്ത സുരക്ഷാ വീഴ്ചയുടെ ഇരയാവാതിരിക്കാൻ നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക. ജയ് ഹിന്ദ്.



















































