വാഷിങ്ടൻ∙ 43 ദിവസത്തെ ‘ഷട്ട്‌ഡൗണി’നുശേഷം യുഎസ് പ്രവർത്തനം തുടങ്ങി. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി ഒപ്പുവച്ചു. ഇതോടുകൂടി ട്രംപിന്റെ ഭരണത്തിൽ കണ്ട രണ്ടാമത്തെ സർക്കാർ ഷട്ട്ഡൗണിനാണ് അവസാനമായത്.
ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുക, പല പദ്ധതികളും റദ്ദാക്കുക തുടങ്ങി കടുത്ത നടപടികൾ റിപ്പബ്ലിക്കൻ ഭരണകൂടം എടുത്തിരുന്നു. ഷട്ട്‌ഡൗൺ അവസാനിപ്പിക്കാനായി സെനറ്റിലും ജനപ്രതിനിധി സഭയിലും ബിൽ പാസാക്കാൻ ഡെമോക്രാറ്റുകളെ സമ്മർദത്തിലാക്കാനാണ് ഇത്തരം നടപടികൾ ട്രംപ് ഭരണകൂടം എടുത്തത്. മുൻപെങ്ങുമില്ലാത്തവിധം ഏകപക്ഷീയമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്. ഇതും പാർട്ടികൾ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരുന്നു.
ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് (ജനപ്രതിനിധി സഭ) 222-209 എന്ന വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. ഇതിനു പിന്നാലെ ബില്ലിൽ ട്രംപ് ഒപ്പുവയ്ക്കുകയായിരുന്നു. സെനറ്റ് തിങ്കളാഴ്ച തന്നെ ഈ ബിൽ പാസാക്കിയിരുന്നു.















































