ബീഹാർ ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള കൗൺഡൗൺ ആരംഭിച്ചു കഴിഞ്ഞു. നടക്കാൻ ഇനി ഒരാഴ്ചയിൽ താഴെ ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ. നവംബർ ആദ്യ പകുതിക്ക് മുൻപ് തന്നെ രണ്ടാംഘട്ട തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഉണ്ടാവും എന്നിരിക്കെ എന്താണ് ബീഹാറിന്റെ മനസിൽ? ആരു വീഴും, ആരു വാഴും…അഭിപ്രായ സർവ്വേകൾക്കും പ്രവചനങ്ങൾക്കും പൊതുവെ പിടികൊടുക്കാത്ത ബീഹാർ രാഷ്ട്രീയം ഇത്തവണ കരുതിവച്ചിട്ടുള്ള ട്വിസ്റ്റ് എന്താണെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയാണ്. കടങ്കഥ പോലെ കുഴഞ്ഞുമറിയുന്ന ബീഹാർ എന്ന രാഷ്ട്രീയ സമുദ്രത്തിലേക്ക് ഇറങ്ങി തന്നെ നമുക്ക് പരിശോധിക്കാം….. അവസാന ലാപ്പിൽ ബീഹാറിന് പറയുവാനുള്ളതെന്ത്?
> ‘നിതീഷയോ തേജസ്വിയോ’; തേഞ്ഞുപഴകിയ ആ ചോദ്യം!
243 നിയമസഭാ സീറ്റുകളുള്ള ബീഹാറിൽ കേവല ഭൂരിപക്ഷമായ 122 ആരുനേടും എന്ന ചോദ്യം ഉയരുമ്പോഴൊക്കെ അതിനൊപ്പം മറ്റൊരു ചോദ്യം കൂടി കഴിഞ്ഞ ഏതാനും നാളുകളായി ദേശീയ മാധ്യങ്ങളിൽ നിന്ന് പോലും ഉയർന്ന് കേൾക്കാറുണ്ട്. എന്നാൽ ഇക്കുറി നിതീഷയോ തേജസ്വിയോ എന്ന ആ ചോദ്യത്തിന് നിലവിൽ ബീഹാർ രാഷ്ട്രീയത്തിൽ തെല്ലും പ്രസക്തിയില്ല. കേൾക്കുമ്പോൾ ഒരുപക്ഷെ അവിശ്വസനീയം എന്ന് നിങ്ങൾക്ക് തോന്നിയേക്കാമെങ്കിലും യാഥാർഥ്യം ഇതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ബീഹാറിൽ കണ്ടുവന്ന നിതീഷ് കുമാർ തേജസ്വി യാദവ് പോരാട്ടമല്ല ഇത്തവണ ബീഹാറിൽ അരങ്ങേറുന്നത്.
തേജസ്വി യാദവ് പഴയതിനേക്കാൾ ശക്തനാണ്. പതിറ്റാണ്ടുകളായിയുള്ള നിതീഷ് കുമാർ ഭരണം മനസ് മടുപ്പിച്ച ബീഹാർ ജനതയ്ക്ക് ഏറ്റവും സ്വീകാര്യനായ പേര് തേജസ്വിയുടെത് തന്നെയാണ്. രാഹുൽ ഗാന്ധിയുടെ നടത്തിയ വോട്ടർ അധികാർ യാത്രയിൽ തേജസ്വിയുടെ ജനപിന്തുണ വ്യക്തമായതുമാണ്. യുവാക്കളും സ്ത്രീകളും ഉൾപ്പടെ ബഹുഭൂരിപക്ഷം ജനവിഭാങ്ങൾക്കും ഇടയിൽ തേജസ്വിക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ഇന്ത്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന പട്ടം കൂടിയാവുമ്പോൾ തേജസ്വിയുടെ കരുത്ത് പഴയതിലും പതിന്മടങ്ങാകുന്നു. എന്നാൽ രാഷ്ട്രീയ വിലയിരുത്തലുകൾ പിഴയ്ക്കുന്നത് ബീഹാർ മുഖ്യമന്ത്രിയും ആർ.ജി.ഡി അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ കാര്യത്തിലാണ്. പതിറ്റാണ്ടുകളായി മുഖ്യമന്ത്രി കസേരയിൽ തുടരുന്ന നിതീഷിന് ഒരിക്കൽ കൂടി ആ സ്ഥാനം നൽകാൻ ബിജെപി താല്പര്യപ്പെടുന്നില്ല എന്ന വാർത്തകളാണ് ബീഹാറിൽ നിന്നും വരുന്നത്. ഇതിനെ ചൊല്ലി പല കലഹങ്ങളും ബീഹാറിലെ എൻ.ഡി.എ മുന്നണിയിൽ ഉടലെടുത്തിട്ടുണ്ട് താനും. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് വേദികളിലെ നിതീഷ് കുമാറിന്റെ അസാന്നിധ്യം ഇന്ത്യ മുന്നണി ബീഹാറിൽ വലിയ ചർച്ചയാക്കുന്നുണ്ട്. മുഖ്യമന്ത്രി നിതീഷ് ആണെങ്കിലും സർക്കാരിനെ നിയന്ത്രിക്കുന്നത് ബിജെപിയാണ്, ബിജെപി നിയന്ത്രിക്കുന്ന സർക്കാരിനെ പുറത്താക്കണം എന്ന രീതിയിൽ വലിയ ക്യാമ്പയിനുകൾ ജെ.ഡി.യു നേതാക്കൾ നടത്തുമ്പോൾ അതിനെ ശക്തമായി പ്രതിരോധിക്കാൻ പോലും ആർ.ജെ.ഡിക്കോ ബിജെപിക്കോ ബീഹാറിൽ സാധിക്കുന്നില്ല.
> അവസാന ലാപ്പിൽ പ്രയോഗിക്കാനായി ബീഹാറിൽ ഇന്ത്യ മുന്നണിയുടെ ഒരു ബ്രഹ്‌മാസ്‌ത്രം കരുതിയിട്ടുണ്ടോ?
ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ ഉൾപ്പടെയുള്ള കക്ഷികൾ അണിനിരക്കുന്ന മഹാസഖ്യത്തിന് 122 സീറ്റുകൾ നേടുക എന്നത് ജീവൻ മരണ പോരാട്ടമാണ്. തേജസ്വിക്കും ആർ.ജെ.ഡിയ്ക്കും നിലനിൽപ്പിനായുള്ള പോരാട്ടമാണെങ്കിൽ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും ബീഹാറിലൂടെ നടന്ന് കയറാനുള്ളത് ഡൽഹിയിലേക്കാണ്. എങ്ങനെ നോക്കിയാലും ജയത്തിൽ കുറഞ്ഞതൊന്നും കൊണ്ട് മഹാസഖ്യം തൃപ്തരാവില്ല.
എൻ.ഡി.യിലെ പ്രശ്നങ്ങളും, ഭരണ വിരുദ്ധ വികാരവും എല്ലാം ആത്മവിശ്വാസം നൽകുമ്പോഴും ഇന്ത്യ മുന്നണിയുടെ പ്രതീക്ഷകൾ പ്രധാനമായും മറ്റൊരു കാര്യത്തിന്റെ മുകളിലാണ്. തിരഞ്ഞെടുപ്പിനെ തലകീഴായി മറിക്കാൻ സാധ്യതയുള്ള ഒരു എക്സ് ഫാക്ടർ ഇന്ത്യ മുന്നണിയുടെ പക്കലുണ്ട് എന്നാണ് ബീഹാറിൽ നിന്നുള്ള വിവരങ്ങൾ. രാഹുൽ ഗാന്ധി രാജ്യത്തോട് പറഞ്ഞ ആ ഹൈഡ്രജൻ ബോംബ് തന്നെയാണ് മഹാസഖ്യ ക്യാമ്പിന്റെ ആത്മവിശ്വാസം. അഭ്യൂഹങ്ങൾ പോലെ രാഹുലിന്റെ മൂന്നാം വോട്ടുചോരി വെളിപ്പെടുത്തൽ നവംബർ ആദ്യ വാരത്തിൽ ഉണ്ടായാൽ അത് ബീഹാറിന്റെ വിധിയെ വലിയ രീതിയിൽ സ്വാധീനിക്കും. പ്രധാന മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടു മോഷണം സംബന്ധിച്ച വിവരങ്ങളാണ് രാഹുലിന്റെ പക്കലുള്ള ഹൈഡ്രജൻ ബോംബ് എന്ന നിരീക്ഷണം കോൺഗ്രസ് പ്രവർത്തകർ തന്നെ നടത്തുണ്ട്. ബീഹാറിന്റെ അന്തരീക്ഷത്തിലുള്ള ഈ അഭ്യൂഹം യാഥാർഥ്യമായാൽ അത് ബീഹാറിനെ മാത്രം ആവില്ല 2026 ൽ ആസക്തമാവുന്ന സംസ്‌ഥാന തിരഞ്ഞെടുപ്പുകളെ കൂടിയാകും സ്വാധീനിക്കുക.
> തൊഴിലില്ലായ്മ ചോദ്യങ്ങളിൽ ഉത്തരം മുട്ടുന്ന എൻ.ഡി.എ
തിരഞ്ഞെടുപ്പുകളെ ഫലത്തെ എല്ലായ്പ്പോഴും സ്വാധീനിക്കുന്ന ഒരു വിഭാഗം എന്നത് യുവാക്കളാണ്. പുതിയ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നു എന്നതാണ് പലപ്പോഴും തിരഞ്ഞെടുപ്പുകളുടെ വിധി തന്നെ നിർണയിക്കുക. ബീഹാറിലെ യുവതയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം തൊഴിലാണ്. അതിരൂക്ഷമായ തൊഴില്ലായ്മ മൂലം കഴിഞ്ഞ പല വർഷങ്ങളിലായി ലക്ഷക്കണക്കിന് മനുഷ്യരാണ് ബീഹാറിൽ നിന്ന് പുറത്തേക്ക് തൊഴിൽ തേടി പോയത്. കഴിഞ്ഞ ഇരുപത് വർഷം നിതീഷ് കുമാർ ഭരിച്ചതാണ് സംസ്ഥാനത്തെ ഈ ഗതിയിലാക്കിയത് എന്ന് യുവാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്, അതുകൊണ്ട് തന്നെ അധികാരത്തിൽ വന്നാൽ ഒരു കോടി തൊഴിലവസരങ്ങൾ എന്ന എൻ.ഡി.എ വാഗ്ദാനത്തെ ബീഹാറിലെ ജനങ്ങൾ പരിഹസിച്ച് തള്ളുകയാണ്.
തൊഴില്ലായ്മയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനാവാതെ യുവാക്കളിൽ നിന്നും ഒളിച്ചോടുകയാണ് ബീഹാറിൽ ബിജെപിയും ജെ.ഡി.യുവും. തങ്ങളുടെ ഭർത്താക്കന്മാരും മക്കളും ഉൾപ്പെടെ വലിയൊരു ശതമാനം ജനത അന്യസംസ്ഥാങ്ങളിൽ ദുരിതമനുഭവിക്കുകയാണ് എന്നത് പോളിങ്ങ് ബൂത്തിലെത്തുന്ന ബീഹാറിലെ സ്ത്രീ വോട്ടർമാരെയും വലിയ രീതിയിൽ സ്വാധീനിക്കാൻ ഇടയുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിതീഷ് കുമാറും ബിജെപിയും നടത്തിയ പ്രഖ്യാപങ്ങൾ കൊണ്ടൊന്നും സ്ത്രീ വോട്ടുകൾ നേടാനാകില്ല എന്നാണ് ബീഹാറിന്റെ പ്രാദേശിക തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഛഠ് പൂജയും തെരഞ്ഞെടുപ്പും ഒരേസമയത്ത് വന്നതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ബീഹാറിലേക്ക് ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളത് ലക്ഷക്കണക്കിന് ടിക്കറ്റുകളാണ്. മറ്റ് സംസ്ഥാങ്ങളിൽ ജോലി നോക്കുന്ന എന്നാൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബീഹാറിൽ എത്തുന്ന വോട്ടർമാരിൽ എൻ.ഡി.എ മുന്നണിയ്ക്ക് പ്രതീക്ഷയില്ല എന്നുമാത്രമല്ല ഭരണത്തിൽ നിന്നും എൻ.ഡി.എ സഖ്യത്തെ മാറ്റി നിർത്താൻ ഇടയുള്ള എക്സ് ഫാക്ടറായായി ഈ വോട്ടുകൾ മാറുമോ എന്ന ആശങ്കയും എൻ.ഡി.എ ക്യാമ്പിലുണ്ട്.
> അവസാന ലാപ്പിലെ വോട്ടത്തിൽ ആരാണ് മുന്നിൽ?
തേജസ്വി യാദവ് എന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തി കാട്ടി മഹാസഖ്യം തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുമ്പോൾ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള പിടിവലിയിൽ വ്യാപൃതരാകുകയാണ് എൻ.ഡി.എ മുന്നണി. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര, വോട്ട് ചോരി ക്യാമ്പയിൻ എന്നിവ ദളിത് പിന്നോക്ക – ന്യൂനപക്ഷ വോട്ടർമാർക്ക് വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഇനിയും അവസാനിക്കാതെ ബിഹാറിലെ എസ്.ഐ.ആർ വിവാദങ്ങളും എൻ.ഡി.എ മുന്നണിയെ പ്രതികൂലമായി തന്നെയാണ് ബാധിക്കുക. മുൻപ് വർഷങ്ങളിൽ നിതീഷ് കുമാറിന് അനുകൂലമായി ലഭിച്ച സ്ത്രീ വോട്ടുകൾ ഇത്തവണ ലഭിക്കില്ല എന്നുള്ള റിപ്പോർട്ടുകളും , യുവ വോട്ടമാർക്ക് ഇടയിൽ രൂപപ്പെട്ടിട്ടുള്ള ഭരണവിരുദ്ധ വികാരങ്ങളും കൂടി പരിഗണിക്കുമ്പോൾ മഹാസഖ്യത്തിന് ബീഹാറിൽ കൃത്യമായ മേൽക്കൈയുണ്ട്. അത്ഭുദങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ രണ്ടുപതിറ്റാണ്ടായി ബീഹാറിൽ തുടരുന്ന നിതീഷ് ഭരണത്തിന് നവംബർ പതിനാലോടെ അവസാനമാകും.
















































