ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുളള ആരോപണങ്ങത്തിൽ എലിസബത്ത് രാജ്ഞിയുടെ പുത്രനും ചാൾസ് രാജാവിന്റെ സഹോദരനുമായ ആൻഡ്രു രാജകുമാരന്റെ രാജകീയ പദവികൾ എടുത്തുകളഞ്ഞ് ബക്കിംഗ്ഹാം കൊട്ടാരം. ഇതോടെ വിൻഡ്സർ എസ്റ്റേറ്റിലെ വസതി വിട്ട് അദ്ദേഹത്തിന് ഇനി സ്വകാര്യ വസതിയിലേക്ക് താമസം മാറേണ്ടിവരും. ആൻഡ്രുവിന്റെ എല്ലാ രാജകീയ പദവികളും ബഹുമതികളും പിൻവലിക്കാൻ തീരുമാനിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
‘ആൻഡ്രു രാജകുമാരന്റെ ഔദ്യോഗിക പദവികളും ബഹുമതികളും നീക്കം ചെയ്യാനുളള നടപടിക്രമങ്ങൾ ഇന്ന് ആരംഭിച്ചു. ഇനി മുതൽ ആൻഡ്രു രാജകുമാരൻ ആൻഡ്രു മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നായിരിക്കും അറിയപ്പെടുക. കൊട്ടരത്തിൽ നിന്ന് താമസമൊഴിയാൻ അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്. അദ്ദേഹം സ്വകാര്യ സ്ഥലത്തേക്ക് താമസം മാറും. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുന്നുണ്ടെങ്കിലും ഈ നടപടി അത്യന്താപേക്ഷിതമാണ്’ എന്നാണ് ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം നേരത്തെ ഡ്യൂക്ക് ഓഫ് യോർക്ക് പദവി വഹിച്ചിരുന്ന ആൻഡ്രു വിൻഡ്‌സർ എസ്റ്റേറ്റിലെ വസതിയിൽ നിന്നും നോർഫോക്ക് കൗണ്ടിയിലെ സാൻഡ്രിംഗ്ഹാം എസ്‌റ്റേറ്റിലേക്കാണ് താമസം മാറുക. സാൻഡ്രിംഗ്ഹാം എസ്‌റ്റേറ്റ് ചാൾസ് രാജാവിന്റെ സ്വകാര്യ ഉടമസ്ഥതയിലുളളതാണ്. സഹോദരന്റെ താമസച്ചെലവും രാജാവ് തന്നെ നിർവഹിക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ഒക്ടോബർ 19-ന് ആൻഡ്രു രാജകുമാരൻ യോർക്ക് പ്രഭു ഉൾപ്പെടെ എല്ലാ രാജകീയ പദവികളും ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കാനാണ് പദവികൾ ഉപേക്ഷിക്കുന്നതെന്നും ചാൾസ് രാജാവുൾപ്പെടെ കുടുംബത്തിലെ പ്രമുഖരുമായി ആലോചിച്ചാണ് തീരുമാനമെന്നും ആൻഡ്രു പറഞ്ഞിരുന്നു. അതേസമയം യോർക്ക് പ്രഭു പദവി ഉപേക്ഷിച്ചെങ്കിലും എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനെന്ന നിലയിൽ ആൻഡ്രു രാജകുമാരൻ എന്നുതന്നെ അദ്ദേഹം അറിയപ്പെടും. ആൻഡ്രുവിന്റെ മുൻ ഭാര്യ സാറാ ഫെർഗൂസന് പ്രഭ്വി പദവി നഷ്ടമാകും. എന്നാൽ മക്കളായ ബിയാട്രീസിനും യൂജിനിനും രാജകുമാരികൾ എന്ന പദവി തുടർന്നും ലഭിക്കും.
 
			

































 
                                






 
							






