ആലപ്പുഴ: ഈ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നവരുടെ കൂടെയാണ്, അല്ലാതെ മുടക്കുന്നവരുടെ കൂടെ അല്ല… പൊതുവേദിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കൊള്ളിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്ര വയലാർ ദിനാചരണ വേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരമാർശം. പിഎം ശ്രീ വിവാദത്തിൽ യാതൊരു തരത്തിലും അയയില്ലെന്നു പ്രഖ്യാപിച്ച്, വാദപ്രതിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം എന്നതാണ് ശ്രദ്ധേയം.
,
സാമൂഹിക പ്രതിബദ്ധതയോടെ ഇടപെട്ടാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാകൂ. പദ്ധതികൾ നടപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കാർ നിലകൊള്ളേണ്ടത്. പദ്ധതികളെ മുടക്കുന്നതിന് ശ്രമിക്കുന്നരുടെ കൂടെയല്ല നിൽക്കേണ്ടത്. ആ വ്യത്യാസം നമുക്ക് കാണാൻ കഴിയേണ്ടതായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്കാണ് സിപിഎം നീങ്ങുന്നത്. മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം ഒരു മണിക്കൂറോളം നീണ്ട ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച പരാജയമായിരുന്നുവെന്നാണ് പിന്നീട് മാധ്യമങ്ങളോട് ബിനോയ് വിശ്വം പ്രതികരിച്ചത്.
മാത്രമല്ല പാർട്ടിയെ ഇരുട്ടിൽനിർത്തി ഏകപക്ഷീയമായി മുന്നണിമര്യാദ പോലും പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുത്തേക്കില്ല. സിപിഐ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർ വിട്ടുനിൽക്കുമെന്ന് സൂചനയുണ്ട്.















































