മുംബൈ: നവിമുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്.
പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. മരിച്ചവരിൽ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണനും ഉൾപ്പെടുന്നു. സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ(39), കമല ഹിരാൽ ജെയിൻ(84) എന്നിവരാണ് മരിച്ച മറ്റുള്ളവർ. അപ്പാർട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്.
10ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് അത് മുകൾനിലകളിലേക്കു പടരുകയായിരുന്നു. ആറുവയസ്സുകാരി 12ാം നിലയിലാണ് താമസിച്ചിരുന്നത്.