മലപ്പുറം: ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ മൂന്നംഗ സംഘം സഞ്ചരിച്ച ഇരുചക്രവാഹനം ദിശ തെറ്റി പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം. സുൽത്താൻ ബത്തേരി, പാലക്കാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ സുൽത്താൻബത്തേരി സ്വദേശി അജ്മൽ ആണ് മരിച്ചത്. സ്ത്രീയുൾപ്പെടെ മൂന്നുപേരായിരുന്നു ബൈക്കിൽ യാത്ര ചെയ്തത്. ഗുരുതരമായി പരുക്കേറ്റ ലുലു, വൈഷ്ണവി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം.
വിവാഹവീട്ടിൽ നിന്നും താമസസ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇവർ തിരൂർ റൂട്ടിലേക്ക് തിരിയുന്നതിനു പകരം ചമ്രവട്ടം കടവ് റോഡിലേക്ക് തിരിയുകയായിരുന്നു എന്നാണ് വിവരം. പത്തടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയിൽനിന്നും പുഴയുടെ താഴ്ഭാഗത്തേക്കാണ് വീണത്. ബൈക്ക് പുഴയോരത്തെ മരത്തിൽ ഇടിച്ച നിലയിലാണ് കിടക്കുന്നത്.
അജ്മലിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റ ലുലുവും വൈഷ്ണവിയും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.