കരൂര്‍: കരൂര്‍ ദുരന്തം അന്വേഷിക്കുന്നതിന്റെ ഭാഗമായി സിബിഐയുടെ അന്വേഷണസംഘം കരൂരിലെത്തി. പ്രവീണ്‍ കുമാര്‍ ഐപിഎസ്സിന്റെ നേതൃത്വത്തിൽ മുകേഷ് കുമാര്‍ (എഡിഎസ്പി), രാമകൃഷ്ണന്‍ (ഡിഎസ്പി) എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സിബിഐ സംഘമാണ് കരൂരിലെത്തിയത്. മുന്‍പ് അന്വേഷണച്ചുമതലയുണ്ടായിരുന്ന പ്രത്യേക അന്വേഷണ സംഘം ദുരന്തവുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് കൈമാറി.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ദുരന്തത്തിന്റെ അന്വേഷണച്ചുമതല സിബിഐക്ക് കൈമാറിയത്. ജസ്റ്റിസ് ജെ.കെ മഹേശ്വരി, എന്‍.വി അന്‍ജരിയ എന്നിവരടങ്ങുന്ന ബെഞ്ച് മുന്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അജയ് റെസ്‌തോഗിയുടെ നേതൃത്വത്തില്‍ ഒരു മൂന്നംഗ കമ്മിറ്റിക്കും രൂപംനല്‍കിയിരുന്നു. സിബിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണം നിരീക്ഷിക്കാനും അന്വേഷണത്തില്‍ മറ്റ് ഇടപെടലുകളില്ലെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. വേണ്ട മേഖലകളില്‍ അന്വേഷണം നടത്തുക, സിബിഐ ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുക എന്നതും കമ്മിറ്റിയുടെ പ്രധാനപ്പെട്ട ചുമതലകളില്‍ ചിലതാണ്.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ ടിവികെ (തമിഴക വെട്രി കഴകം) കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകന്‍, ഭാരവാഹിയായ പൗന്‍രാജ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുന്നത് കോടതി തടഞ്ഞു. കഴിഞ്ഞ മാസമാണ് കരൂരിലെ കീഴ്‌ക്കോടതി ഇരുവരെയും ഒക്ടോബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സെപ്റ്റംബര്‍ 27-നാണ് ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ നേതൃത്വത്തില്‍ കരൂരില്‍ നടന്ന റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.