ന്യൂഡൽഹി: ഇന്ത്യയ്ക്കിനി ഏതു പാതിരാത്രിയിലും ശത്രുവിന്റെ സന്നിദ്ധ്യം അളന്ന് തിട്ടപ്പെടുത്തി ഉന്നം വയ്ക്കാനാവും. അതിനി ശത്രു അരക്കിലോമീറ്റർ അപ്പുറത്താണെങ്കിൽ പോലും. 7.62 x 51 എംഎം SIG 716 അസോൾട്ട് റൈഫിളുകൾക്ക് വേണ്ടിയുള്ള നൈറ്റ് സൈറ്റ് (Image Intensifier) ഉപകരണങ്ങൾ വാങ്ങാനുള്ള കരാറിലാണ് ഇപ്പോൾ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്. 659.47 കോടി രൂപയുടെ ഈ കരാർ ഇന്ത്യൻ കരസേനയുടെ യുദ്ധശേഷിയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബുധനാഴ്ചയാണ് എം/എസ് എംകെയു ലിമിറ്റഡ് (ലീഡ് അംഗം), എം/എസ് മെഡ്ബിറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്ന കൺസോർഷ്യവുമായി കരാറിൽ ഒപ്പുവച്ചത്. എസ്ഐജി 716 അസോൾട്ട് റൈഫിളിന്റെ ദീർഘകാല ഫലപ്രദമായ ശ്രേണി പൂർണ്ണമായി ഉപയോഗപ്പെടുത്താൻ നൈറ്റ് സൈറ്റ് സൈനികരെ പ്രാപ്തരാക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ സൈന്യം പുതിയതായി വാങ്ങുന്ന അസോൾട്ട് നൈറ്റ് സൈറ്റ് സിസ്റ്റങ്ങൾ 500 മീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ പോലും കൃത്യമായി കണ്ട് വെടിവയ്ക്കാൻ സൈനികരെ സഹായിക്കും. ഇപ്പോൾ ഉപയോഗിക്കുന്ന പഴയ പാസീവ് നൈറ്റ് സൈറ്റുകളെ (PNS) അപേക്ഷിച്ച് ഇത് വലിയൊരു മുന്നേറ്റമാണെന്നാണ് കരുതപ്പെടുന്നത്. രാത്രികാല ഓപ്പറേഷനുകളിൽ കൃത്യമായ ലക്ഷ്യം ഭേദിക്കുന്നത് ഉറപ്പാക്കുന്നതിലൂടെ നമ്മുടെ സൈനികരുടെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കും. അതേസമയം ഈ കരാറിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം, ഒരു ബൈ (ഇന്ത്യൻ-ഐഡിഡിഎം) വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്. അതായത്, വാങ്ങുന്ന ഉപകരണങ്ങളുടെ 51% ത്തിൽ അധികവും തദ്ദേശീയമായി നിർമ്മിച്ചവയായിരിക്കണം.
ഗുണങ്ങൾ
500 മീറ്റർ ദൂരപരിധി: രാത്രിയിൽ 500 മീറ്റർ അകലെയുള്ള ലക്ഷ്യം പോലും SIG 716 റൈഫിൾ ഉപയോഗിച്ച് കൃത്യമായി തകർക്കാം.
∙സ്റ്റാർലൈറ്റ് പവറിൽ ഓപ്പറേഷൻ: വളരെ കുറഞ്ഞ പ്രകാശത്തിൽ പോലും വ്യക്തമായ കാഴ്ച നൽകുന്ന ഇമേജ് ഇന്റൻസിഫയർ സാങ്കേതികവിദ്യ.
അതേസമയം അഫ്ഗാൻ അതിർത്തിയിൽ താലിബാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഇന്ത്യയും താലിബാനുമായി യുദ്ധത്തിനു തയാറാണെന്നു വെല്ലുവിളിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് ആസിഫിന്റെ പ്രതികരണം.
അഭിമുഖത്തിൽ അതിർത്തിയിൽ ഇന്ത്യ ‘വൃത്തികെട്ട കളികൾ’ കളിക്കാൻ ശ്രമിക്കുമോയെന്ന് ചോദിച്ചപ്പോൾ, തീർച്ചയായും, അത് തള്ളിക്കളയാനാവില്ല. അതിന് വലിയ സാധ്യതകളുണ്ടെന്ന് ആസിഫ് പറഞ്ഞു. പിന്നാലെ പ്രതികരിക്കാനുള്ള തന്ത്രങ്ങൾ ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ വെടിനിർത്തൽ നിലനിൽക്കുമോ എന്നെനിക്ക് സംശയമുണ്ടെന്നും ഖ്വാജ പറഞ്ഞു, കാരണം താലിബാന്റെ തീരുമാനങ്ങൾക്ക് പിന്നിൽ ഇന്ത്യയാണ്. ഇന്ത്യയ്ക്കുവേണ്ടി അഫ്ഗാനിസ്താൻ നിഴൽയുദ്ധം നടത്തുകയാണ്. അഫ്ഗാൻ വിദേശകാര്യ മന്ത്രി മുത്തഖി ഒരാഴ്ച നീണ്ട ഇന്ത്യാ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം എന്ത് പദ്ധതിയാണ് കൊണ്ടുവന്നതെന്ന് കണ്ടറിയണം.’ അദ്ദേഹം പറഞ്ഞു.