ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയിൽ താലിബാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഇന്ത്യയും താലിബാനുമായി യുദ്ധത്തിനു തയാറാണെന്നു വെല്ലുവിളിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് ആസിഫിന്റെ പ്രതികരണം.
അഭിമുഖത്തിൽ അതിർത്തിയിൽ ഇന്ത്യ ‘വൃത്തികെട്ട കളികൾ’ കളിക്കാൻ ശ്രമിക്കുമോയെന്ന് ചോദിച്ചപ്പോൾ, തീർച്ചയായും, അത് തള്ളിക്കളയാനാവില്ല. അതിന് വലിയ സാധ്യതകളുണ്ടെന്ന് ആസിഫ് പറഞ്ഞു. പിന്നാലെ പ്രതികരിക്കാനുള്ള തന്ത്രങ്ങൾ ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അതെ, തന്ത്രങ്ങൾ തയ്യാറാണ്. എനിക്കത് പരസ്യമായി ചർച്ച ചെയ്യാൻ കഴിയില്ല. പക്ഷേ, ഏത് സാഹചര്യത്തെയും നേരിടാൻ ഞങ്ങൾ തയ്യാറാണ്. രാജ്യത്ത് താമസിക്കുന്ന അഫ്ഗാനികൾ ഭീകരവാദമല്ലാതെ മറ്റൊന്നും പാക്കിസ്ഥാന് നൽകിയിട്ടില്ല. പാക്കിസ്ഥാനിൽ അനധികൃതമായി താമസിക്കുന്ന അഫ്ഗാനികൾക്കെതിരെ സർക്കാർ നടപടികൾ ആരംഭിച്ചു. അഫ്ഗാനികൾ തിരികെ പോകണം.’ അദ്ദേഹം ആവശ്യപ്പെട്ടു.
മാത്രമല്ല ‘കഴിഞ്ഞ അമ്പത് വർഷത്തിനിടയിലെ അഫ്ഗാനിസ്ഥാനിലെ എല്ലാ ഭരണാധികാരികളും 1970-കളിലോ 80-കളിലോ 90-കളിലോ ഈ നൂറ്റാണ്ടിലോ ആകട്ടെ, പാക്കിസ്ഥാനിൽ അഭയം തേടിയിട്ടുണ്ട്. ഞാൻ അവരുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ, അവരാരും പാക്കിസ്ഥാന്റെ സഹായം അംഗീകരിച്ചിട്ടില്ല. അവരിൽനിന്ന് ഞങ്ങൾക്ക് എന്ത് കിട്ടി? ഭീകരവാദമല്ലാതെ മറ്റെന്താണ് അവർ ഞങ്ങൾക്ക് തന്നത്? ഈ ബന്ധങ്ങൾ കൊണ്ട് പാക്കിസ്ഥാൻ സ്വന്തം സമാധാനം നശിപ്പിച്ചു. ഇപ്പോൾ സ്ഥിതി മെച്ചപ്പെടുമ്പോൾ എന്തുകൊണ്ട് അവർ തിരികെ പോകുന്നില്ല?’ ഖ്വാജ ആസിഫ് ചോദിച്ചു.
ഇതിനിടെ വെടിനിർത്തൽ നിലനിൽക്കുമോ എന്നെനിക്ക് സംശയമുണ്ടെന്നും ഖ്വാജ പറഞ്ഞു, കാരണം താലിബാന്റെ തീരുമാനങ്ങൾക്ക് പിന്നിൽ ഇന്ത്യയാണ്. ഇന്ത്യയ്ക്കുവേണ്ടി അഫ്ഗാനിസ്താൻ നിഴൽയുദ്ധം നടത്തുകയാണ്. അഫ്ഗാൻ വിദേശകാര്യ മന്ത്രി മുത്തഖി ഒരാഴ്ച നീണ്ട ഇന്ത്യാ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം എന്ത് പദ്ധതിയാണ് കൊണ്ടുവന്നതെന്ന് കണ്ടറിയണം.’ അദ്ദേഹം പറഞ്ഞു.
അതുപോലെ കഴിഞ്ഞയാഴ്ച, കാബൂളിലെ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ക്യാമ്പുകൾ ലക്ഷ്യമിട്ടതിന് പിന്നാലെ പാക്കിസ്ഥാൻ- താലിബാൻ സേനകൾ തമ്മിൽ രൂക്ഷമായ അതിർത്തി സംഘർഷം നടന്നിരുന്നു. നൂറുകണക്കിന് പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയ ടിടിപിക്ക് താലിബാൻ അഭയം നൽകുന്നുവെന്നാണ് പാക്കിസ്ഥാൻ ആരോപിച്ചത്. തുടർന്നു നടത്തിയ പ്രത്യാക്രമണത്തിൽ 58 പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി താലിബാൻ അവകാശപ്പെട്ടപ്പോൾ, 200 താലിബാൻ തീവ്രവാദികളെ വധിച്ചതായി പാക് സൈന്യവും വ്യക്തമാക്കി.
കൂടാതെ പിടിച്ചെടുത്ത പാക്കിസ്ഥാന്റെ ടി-55 ടാങ്കിന് മുകളിൽ യാത്ര ചെയ്യുകയും സംഘർഷത്തിനിടെ പോസ്റ്റുകൾ ഉപേക്ഷിച്ച് ഓടിപ്പോയെന്ന് പറയുന്ന പാക് സൈനികരുടെ പാന്റുകളും ആയുധങ്ങളും താലിബാൻ പരസ്യമായി പ്രദർശിപ്പിച്ച് നാണം കെടുത്തിയിരുന്നു. ഇരുവശത്തും ഒട്ടേറെ പേർ മരിക്കാനിടയാക്കിയ ഒരാഴ്ചത്തെ ആക്രമണങ്ങൾക്കും ശേഷം പാക്കിസ്ഥാനും താലിബാനും താൽക്കാലിക വെടിനിർത്തലിന് ധാരണയിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വെല്ലുവിളിയുമായി ഖ്വാജ എത്തിയത്.