നേമം: പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ക്ലാസിൽ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചത് വൻ പരിഭ്രാന്തി സൃഷ്ടിച്ചു. സ്പ്രേ അന്തരീക്ഷത്തിൽ കലർന്നതോടെ കടുത്ത ശ്വാസ തടസവും ബോധക്ഷയവും അനുഭവപ്പെട്ട 10 വിദ്യാർഥികളെയും 2 അധ്യാപകരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആദ്യം ഓക്സിജൻ നില താഴ്ന്നത് ആശങ്കയ്ക്കിടയാക്കിയെങ്കിലും പിന്നീട് അപകടനില തരണം ചെയ്തതോടെ വൈകിട്ട് എല്ലാവരും ആശുപത്രി വിട്ടു. അതേസമയം പെപ്പർ സ്പ്രേയാണു പ്രയോഗിച്ചതെന്നറിയാതെ വിഷവാതകം പടർന്നു എന്ന സംശയമാണ് പരിഭ്രാന്തിയുണ്ടാക്കിയത്. വഴിയിൽ നിന്നു കിട്ടിയ സ്പ്രേ കൗതുകത്തിന് പ്രയോഗിച്ചതാണെന്ന് കുട്ടി പറഞ്ഞതോടെ തിരച്ചിൽ നടത്തി ശുചിമുറിയിൽ നിന്ന് കുപ്പി കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചു.
ഹയർ സെക്കൻഡറി ബ്ലോക്കിലെ മുകളിലെ നിലയിലെ പ്ലസ് വൺ സയൻസ് ക്ലാസിൽ രാവിലെയാണ് സംഭവം. അധ്യാപികമാരായ ബേബി സുധ, സജി, എന്നിവർക്കും പ്ലസ് വൺ സയൻസ് ബാച്ചിലെ അഞ്ചു വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ശ്വാസം മുട്ടലും ബോധക്ഷയവും ഉണ്ടായത്. നേമം താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി ഇവരെ ആംബുലൻസിൽ ഓക്സിജൻ നൽകി നെയ്യാറ്റിൻകര, തിരുവനന്തപുരം ജനറൽ ആശുപത്രികളിലേക്കും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ബഹളം കേട്ട് അടുത്ത ക്ലാസിൽ നിന്ന് ഓടിയെത്തിയതാണ് അധ്യാപികമാരിൽ ഒരാൾ. സ്പ്രേ കാലാവധി കഴിഞ്ഞതാണെന്നു സംശയമുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരുംസ്കൂളിൽ പരിശോധന നടത്തി.
അതേസമയം ഒന്നാം നിലയിൽ നിന്ന് കുട്ടികളുടെ ഉറക്കെയുള്ള കരച്ചിലും ബഹളവും കേട്ടതോടെ ഓടിയെത്തിയ അധ്യാപകരാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. വിദ്യാർഥികളെ അധ്യാപകർ തന്നെ സ്വന്തം വാഹനങ്ങളിൽ അടുത്തുള്ള നേമം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് മറ്റുള്ളവരെക്കൂടി ആശുപത്രിയിലേക്ക് മാറ്റി.
ഈ സമയം മുകൾ നിലയിലെ എല്ലാ ക്ലാസ് മുറികളിലെയും വിദ്യാർഥികളെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. പിൻ ബെഞ്ചിലിരുന്ന വിദ്യാർഥി എന്തോ സ്പ്രേ ചെയ്തതായി മറ്റു കുട്ടികളിൽ നിന്ന് പോലീസിന് വിവരം ലഭിച്ചത് ഇതിനു ശേഷമാണ്. ആദ്യം വിശദീകരിക്കാൻ മടിച്ചെങ്കിലും എന്താണ് പ്രയോഗിച്ചതെന്ന് അറിഞ്ഞാലേ ചികിത്സ നൽകാൻ കഴിയൂവെന്ന് സാവധാനം പോലീസ് വിദ്യാർഥികളെ അറയിച്ചതോടെ വഴിയിൽ നിന്ന് കിട്ടിയ പെപ്പർ സ്പ്രേയാണെന്ന് കുട്ടി പറഞ്ഞു.