കോഴിക്കോട്: പേരാമ്പ്രയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ രംഗത്ത്. ‘‘സൂക്ഷിച്ച് നടന്നാൽ മതി. മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ’’ എന്നാണ് ഇ.പിയുടെ ഭീഷണി. അതുപോലെ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചതായും ജയരാജൻ ആരോപിച്ചു.
‘‘എന്ത് അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ പുറപ്പെട്ടത്. ഞങ്ങൾ ഇതങ്ങനെ നോക്കി നിൽക്കുമോ. മാർക്സിസ്റ്റുകാർ നല്ല ക്ഷമാലുക്കളാണ്. അവർ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. നെഞ്ചൂക്ക് കാണിച്ചു കളയാം എന്ന് ധരിച്ചിട്ടല്ലേ പഞ്ചായത്ത് ഓഫിസിൽ പോയത്. നമ്മൾ ഏതെങ്കിലും നല്ല കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ ഈ വന്നയാൾ വന്നപോലെ തിരിച്ചു പോകുമോ. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു, അവർ പോയ്ക്കോട്ടെ. അദ്ദേഹത്തിന്റേത് നല്ലൊരു മനസ്സ്.
ചെറുപ്പക്കാരനാണ്. ചെറുപ്പത്തേക്കാൾ പക്വത കാണിച്ചു. അതുകൊണ്ട് വന്ന വഴിക്ക് അവർ പോയിക്കോട്ടെ. നമ്മൾ അതിലൊന്നും ഇടപെടേണ്ട. അതാണ് സിപിഎമ്മിന്റെ നയം. അവിടെ ഞങ്ങൾ ഭീരുക്കളാണെന്നു ധരിച്ചേക്കരുത്. അതുകണ്ട് മെക്കിട്ട് കയറാൻ പുറപ്പെടേണ്ട. മെക്കിട്ട് കയറാൻ പുറപ്പെട്ടാൽ അനുഭവിക്കും. അത് മനസിലാക്കിക്കൊള്ളൂവെന്നും ഇപി പറഞ്ഞു.
‘‘പേരാമ്പ്രയുടെ സൗഹാർദപരമായ അന്തരീക്ഷത്തെ തകർക്കാൻ അവർ ആസൂത്രിതമായി പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ ശ്രമിച്ചു. അതിനവർ തിരിച്ചടി ഒന്നും കൊടുത്തിട്ടില്ല. അതിനു പോയിട്ടുമില്ല. സാധാരണഗതിയിൽ ഒരു ജനാധിപത്യപരമായ പ്രതിഷേധം. ആ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം നടത്താൻ പാടില്ലേ? പ്രകടനം നടത്തി, അത് അറിഞ്ഞ് ജനങ്ങളും അവിടെ തടിച്ചുകൂടി. സംഘടിപ്പിച്ചതാണെങ്കിൽ അതുകൊണ്ടൊന്നും അവസാനിക്കില്ല വലിയ ജനക്കൂട്ടം ഉണ്ടാകും. പക്ഷേ ജനങ്ങൾ അറിഞ്ഞുവന്നു. ഇത് മനസ്സിലാക്കിയപ്പോൾ പോലീസ് ഇടപെട്ടു. സിപിഎം നേതാക്കളോട് ഇവിടെ സംഘർഷം ഉണ്ടാകരുത് എന്നു പോലീസ് പറഞ്ഞു. നിങ്ങളുടെ കൂട്ടരെല്ലാം പിരിഞ്ഞു പോകാൻ പറയണമെന്ന് പറഞ്ഞു.
അതുപോലെ പാർട്ടിയുടെ ഉത്തമരായ സഖാക്കൾ, ഈ നാടിന്റെ താല്പര്യങ്ങളോടൊപ്പം നിൽക്കുന്ന സഖാക്കൾ ഇവിടെ സംഘർഷം ഉണ്ടാക്കരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ച് എല്ലാ സഖാക്കളോടും പിരിഞ്ഞു പോകാൻ പറഞ്ഞു. അതുകേട്ട സഖാക്കളെല്ലാം പിരിഞ്ഞുപോയി എന്ന് ബോധ്യപ്പെട്ടപ്പോൾ പ്ലാൻ ചെയ്തത് അനുസരിച്ച് ഈ ജില്ലയുടെ തന്നെ പലഭാഗത്തു നിന്നുമായിട്ട് ചില ആളുകൾ വന്നെത്തുകയാണ്. പോലീസ് അവരോടും പിരിഞ്ഞു പോകാൻ പറഞ്ഞു. പിരിഞ്ഞു പോകാതെ അക്രമിക്കാൻ പുറപ്പെട്ടാൽ കയ്യും കെട്ടി പോലീസ് നോക്കിനിൽക്കുമോ?. ഇവിടെ ക്രമസമാധാനം പാലിക്കേണ്ട ചുമതല പോലീസിനാണ്. യഥാർഥത്തിൽ പോലീസ് അത്ര ശക്തമായ ഇടപെടൽ നടത്തിയില്ല എന്നുള്ളതാണ് എന്റെ നിരീക്ഷണം. പോലീസും ക്ഷമിച്ചുകൊണ്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്’’– ജയരാജൻ വിശദീകരിച്ചു.
അതേസമയം ഷാഫിയെ കുറ്റപ്പെടുത്തി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനും പ്രസംഗിച്ചു. ‘‘ഷാഫിയുടെ മൂക്കിന് ഒരു ഓപ്പറേഷൻ നടന്നു എന്നു തന്നെ വിചാരിക്കാം. സോഷ്യൽ മീഡിയ വഴി അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്നില്ലേ. മൂക്കിന് ഓപ്പറേഷൻ നടത്തിയ ഒരാൾക്ക് എങ്ങനെയാണ് അങ്ങനെ സംസാരിക്കാൻ കഴിയുക. മൂക്കിന്റെ എല്ല് പൊട്ടിയിട്ടുണ്ടെങ്കിൽ നേരെ നിന്നു വർത്തമാനം പറയാൻ കഴിയുമോ. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. മൂന്നാം തവണയും ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വരും എന്നതിൽ സംശയം വേണ്ട’’.