തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസിലെന്നുള്ള റിപ്പോർട്ട് പുറത്ത്. പിണറായി വിജയന്റെ മകൻ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി ലാവ്‌ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ പണം നൽകി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി സമൻസ് അയച്ചത്.
ലാവ്‌ലിനിൽ നിന്ന് കിരണിന്റെ വിദ്യാഭ്യാസത്തിനായി പണം ഈടാക്കി എന്നതാണ് ഈ സമൻസിൽ പ്രധാനമായും പറയുന്നതെന്നാണ് വിവരം. കൂടാതെ ദിലീപ് രാഹുലൻ പിണറായി വിജയന്റെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചു എന്ന ഒരു മൊഴി ഇസിഐആറിൽ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വിവരങ്ങൾ പ്രകാരം 2023 ഫെബ്രുവരി 14ന് രാവിലെ 10:30ന് ഇഡിയുടെ കൊച്ചി ഓഫീസിൽ വിവേക് കിരൺ ഹാജരാകണം എന്നായിരുന്നു സമൻസിലെ ആവശ്യം. അതേസമയം 2020ൽ ആണ് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഇഡി, ഇഐ ആസിർ രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് നടപടിയെടുത്തത്. ലാവ്‌ലിൻ കമ്പനിയുടെ മുൻ ഡയറക്ടറായിരുന്നു ദിലീപ് രാഹുലൻ.
ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിക്കൊണ്ട് തന്റെയും സ്ഥാപനത്തിന്റെയും ഇംഗിതത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യിപ്പിക്കുക എന്നതായിരുന്നു ദിലീപ് രാഹുലിന്റെ നയം എന്ന് മൊഴിയുള്ളതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഇത്തരത്തിൽ ദിലീപ് രാഹുലൻ 1996ൽ പിണറായി വിജയന് വലിയ തുകകൾ നൽകി. ഇതു കൂടാതെ മകന്റെ വിദ്യാഭ്യാസത്തിനായി പണം നൽകിയതായും മൊഴിയിലുണ്ട്.
ഈ മൊഴിയിലെ വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയായിരുന്നു വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്. എന്നാൽ ഈ സമൻസ് അനുസരിച്ച് ഇഡി ഓഫീസിൽ വിവേക് കിരൺ ഹാജരായില്ല എന്നാണ് വിവരം. ആദ്യം അയച്ച നോട്ടീസ് കൈപ്പറ്റിയില്ല, അതോടെ നോട്ടിസ് മടങ്ങിയെന്നും വിവരമുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അൻപതാം വകുപ്പിലെ രണ്ട്, മൂന്ന് ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് അയച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിലായിരുന്നു ഇത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം സമൻസ് അയച്ച് ഏകദേശം രണ്ടു വർഷം പിന്നിടുമ്പോഴും ഈ കേസിൽ കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നത് മറ്റൊരു വിരോധാഭാസം. ഒന്നിലധികം തവണ നോട്ടീസ് നൽകി പല കേസുകളിലും ഇഡി ഇടപെടാറുണ്ടെങ്കിലും, ഈ വിഷയത്തിൽ എന്തുകൊണ്ട് ഒരു നോട്ടീസിൽ അന്വേഷണം അവസാനിപ്പിച്ചു എന്നതിന് ഇഡി വൃത്തങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല.