ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളേയും മോദിയേയും വിമർശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. മോദി സർക്കാറിന്റെ കടുത്ത വിമർശകനായ മലയാളിയായ കണ്ണൻ ഗോപിനാഥൻ രാവിലെ 11.30ന് എഐസിസി ആസ്ഥാനത്തുവച്ച് പാർട്ടി അംഗത്വം സ്വീകരിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അദ്ദേഹത്തിന് അംഗത്വം നൽകിയത്. കനയ്യ കുമാർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു കണ്ണന്റെ പ്രതികരണം. ഇത് പൗരന്മാരുടെ പാർട്ടിയാണ്. എന്നാൽ പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്രയാണ് ഇപ്പോൾ നടക്കുന്നത്. തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം. എന്താണ് തന്റെ റോളെന്ന് പാർട്ടി തീരുമാനിക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെയാണ് മലയാളി കൂടിയായ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് എത്തുന്നത്.