തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ സംഘമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ തന്ത്രി കണ്ഠരര് രാജീവരെ കുടുക്കാൻ ശ്രമം നടത്തിയതായും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തന്ത്രി മഹസറിൽ ഒപ്പിട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. അതേപോലെ പാളികൾ കൊണ്ടുപോകരുതെന്നും അതിൽ സ്വർണമുണ്ടായിരുന്നുവെന്നും ഉള്ള തടസ്സവാദം തന്ത്രി ഉന്നയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരു സ്വദേശിയായ വലിയ ഭക്തനാണെന്ന് 2019 മുതലുള്ള ദേവസ്വം ബോർഡ് രേഖകളിൽ ഉള്ളത്. എന്നാൽ ഭക്തനായല്ല ഒരു ഇടനിലക്കാരനായാണ് ഇദ്ദേഹം പ്രവർത്തിച്ചതെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിലെ ഉരുപ്പടി കാഴ്ചവെച്ച് പൂജകൾ നടത്തി പണം അടിച്ചുമാറ്റുന്ന ഉണ്ണികൃഷ്ണൻ പോറ്റി, സ്പോൺസർഷിപ്പിലൂടെ ലാഭം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ഒരു ഏജന്റ് മാത്രമാണോ അതോ മറ്റാരുടെയെങ്കിലും ഉപകരണമായി പ്രവർത്തിക്കുകയാണോ എന്നത് സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2024 നവംബർ ഒന്നിന് നിലവിലെ ദേവസ്വം ബോർഡ് ഈ ദ്വാരപാലക ശില്പത്തിന്റെ പാളി വീണ്ടും ചെന്നൈയിലേക്ക് കൊടുത്തുവിടാൻ അംഗീകാരം നൽകിയിരുന്നു. 2019-ൽ സംഭവിച്ച അതേ വീഴ്ച 2025-ൽ ബോർഡ് നേതൃത്വത്തിനും ഉണ്ടായിട്ടുണ്ട്. എന്നാൽ, തിരുവാഭരണം കമ്മീഷണർ റെജ്‌ലാലിന്റെ കൃത്യമായ ഇടപെടൽ കാരണം ഈ നീക്കം നടന്നില്ല. സ്മാർട്ട് ക്രിയേഷൻസിൽ ഒരിക്കൽ സ്വർണം പൂശിയ സ്വർണം വേർപെടുത്തി വീണ്ടും പൂശാൻ കഴിയില്ല എന്ന അറിവ് തിരുവാഭരണം കമ്മീഷണർ ബോർഡിനെ അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സമ്മർദത്തെത്തുടർന്ന്, സ്മാർട്ട് ക്രിയേഷനുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് സാങ്കേതിക വിദ്യയുണ്ടെന്ന് പറഞ്ഞെങ്കിലും, തിരുവാഭരണം കമ്മീഷണർ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ സമ്മതിച്ചില്ല. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്റ്റാഫ് കൂടെ വന്നാൽ ചെലവ് വഹിക്കില്ലെന്ന് പറഞ്ഞു. എങ്കിലും തിരുവാഭരണം കമ്മീഷണർ ദ്വാരപാലകശില്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്നെങ്കിൽ കരുതലോടെ ആകണമെന്ന നിലപാടിൽ ഉറച്ചുനിൽകുകയായിരുന്നു.