ന്യൂഡൽഹി: ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇ-യോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ഒരു അമ്മയുടേയും മകളുടേയും വീഡിയോ വൈറൽ. ട്രെയിനിലെ ഫസ്റ്റ് എസി കമ്പാർട്ട്മെന്റിലായിരുന്നു ടിക്കറ്റില്ലാതെ ഇരുവരുടേയും യാത്ര. ടിടിഇ ടിക്കറ്റ് ആവശ്യപ്പെടുമ്പോൾ സംഭാഷണം റെക്കോർഡ് ചെയ്ത് അദ്ദേഹം തന്നെ അപമാനിക്കുകയാണെന്ന് സ്ത്രീ ആരോപിക്കുന്നു.
തന്റെ സഹോദരൻ ഒരു ലോക്കോ പൈലറ്റാണെന്ന് പറഞ്ഞ് അവരുടെ മകളും യാത്രയെ ന്യായീകരിക്കുന്നു. എന്നാൽ, പിന്നീട് തന്റെ കൈവശം ടിക്കറ്റില്ലെന്നും ശുചിമുറി ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് മകളോടൊപ്പം ട്രെയിനിൽ കയറിയതെന്നും ആ സ്ത്രീ സമ്മതിക്കുന്നത് വീഡിയോയിൽ കാണാം.
ശുചിമുറി ഉപയോഗിച്ച് ജനറൽ കമ്പാർട്ട്മെൻ്റിലേക്ക് പോകാനൊരുങ്ങുകയാണെന്ന് അവർ പറഞ്ഞു. എന്നാൽ, ജനറൽ യാത്രയ്ക്ക് ആവശ്യമായ ടിക്കറ്റ് ചോദിച്ചപ്പോൾ അതും അവരുടെ കയ്യിലില്ല. ഇതോടെ, സ്ത്രീ ടിടിഇയുടെ പേര് ചോദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയുമായിരുന്നു. മറ്റൊരു ജാതിയിലുള്ള വ്യക്തി ആയിരുന്നെങ്കിൽ ഈ വിഷയമുണ്ടാകില്ലായിരുന്നുവെന്ന് അവർ പറഞ്ഞു.