കയ്റോ: ഹമാസ്- ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടൽ ഉച്ചകോടിക്കു മുന്നോടിയായി ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് പോകുന്നതിനിടെ വാഹനാപകടം. അപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്കു ദാരുണാന്ത്യം. രണ്ട് നയതന്ത്രജ്ഞർക്ക് പരുക്കേറ്റു. ഷാം എൽ-ഷെയ്ക്കിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടം. ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞർ.
ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവരെന്ന് മറ്റു ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും, ലോകരാഷ്ട്രങ്ങളുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തലിനു അന്തിമരൂപം നൽകുന്നതിനുമായി അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഷാം എൽ-ഷെയ്ക്ക് ഒരുങ്ങുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും നാളെ നടക്കുന്ന യോഗത്തിനു നേതൃത്വം നൽകുമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ ഓഫിസിന്റെ പ്രസ്താവനയിൽ പറയുന്നു.