ഭുവനേശ്വർ: ഹിമാചല്‍പ്രദേശിൽ ബിജെപി അധ്യക്ഷന്റെ സഹോദരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. രാജീവ് ബിന്ദലിന്റെ സഹോദരന്‍ റാം കുമാര്‍ ബിന്ദലിനെയാണ് സോലന്‍ പോലീസ് അറസ്റ്റുചെയ്തത്. ഒക്ടോബര്‍ എട്ടിന് തന്നെ പീഡിപ്പിച്ചുവെന്ന കാട്ടി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഒക്ടോബര്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. ദീര്‍ഘകാലമായുള്ള അസുഖങ്ങള്‍ മൂലം വലയുകയായിരുന്നു 25-കാരിയായ യുവതി. ചികിത്സകളിലൂടെ അസുഖം ഭേദമാകാത്തതിനാല്‍ ആയുര്‍വേദം പരീക്ഷിക്കാമെന്ന് യുവതി തീരുമാനിച്ചു. ഇതിനായി സോലനിലെ പഴയ ബസ് സ്റ്റാന്‍ഡിലുളള ഒരു ക്ലിനിക്കില്‍ യുവതി എത്തി. ഇവിടെ വെച്ചാണ് വൈദ്യനാണെന്ന് പറഞ്ഞ് റാം കുമാര്‍ ബിന്ദല്‍ യുവതിയെ പരിചയപ്പെട്ടത്.
വൈദ്യപരിശോധനയുടെ ഭാഗമെന്ന് പറഞ്ഞ് ലൈംഗിക പ്രശ്‌നങ്ങളെ കുറിച്ചാണ് റാം ആദ്യം യുവതിയോട് ചോദിച്ചത്. ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാമെന്നും റാം യുവതിക്ക് ഉറപ്പുനല്‍കി. റാം തന്റെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചതോടെ യുവതി എതിര്‍ത്തു. തുടര്‍ന്നാണ് യുവതിയെ റാം പീഡനത്തിനിരയാക്കിയത്. ഇതിനിടെ റാമിനെ തള്ളിമാറ്റി ക്ലിനിക്കില്‍ നിന്ന് രക്ഷപ്പെട്ട യുവതി വനിത പോലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു.