വാഷിങ്ടൻ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താൻ പല അവസരങ്ങളിലും സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. വെനസ്വേലൻ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ ‘ബഹുമാനാർഥം’ സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
സമാധാനത്തെക്കാൾ രാഷ്ട്രീയത്തിനു പ്രാധാന്യം നൽകിയുള്ളതാണ് നൊബേൽ പുരസ്കാരമെന്നു വൈറ്റ്ഹൗസ് വിമർശിച്ചിരുന്നു. ‘ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന ഒരു വനിതയ്ക്ക്’ എന്ന വിശേഷണത്തോടെയാണ് നൊബേൽ സമിതി മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. വെനസ്വേലയിൽ സ്വതന്ത്ര തിരഞ്ഞെടുപ്പിനായുൾപ്പെടെ 2 പതിറ്റാണ്ടായി പോരാടുന്ന മരിയ ‘സുമാറ്റെ’ സംഘടനയുടെ സ്ഥാപകയാണ്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതു ഭരണകൂടം തടഞ്ഞു. ഭീഷണി മൂലം ഇപ്പോൾ ഒളിവിലാണ്.
‘ഏഴ് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചു. ഓരോന്നിനും തനിക്ക് നോബേൽ സമ്മാനം ലഭിക്കേണ്ടതാണ്. പക്ഷെ അവർ പറഞ്ഞത് റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിച്ചിരുന്നെങ്കിൽ നോബേൽ സമ്മാനം തനിക്ക് ലഭിക്കുമെന്നാണ്. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച കാര്യം ഞാൻ അവരോട് പറഞ്ഞു. എന്നാൽ ആ ഒരു യുദ്ധം അത് വലുതാണ്,’ ട്രംപ് കൂട്ടിച്ചേർത്തു. അർമേനിയ-അസർബൈജാൻ, കൊസോവോ – സെർബിയ, ഇസ്രയേൽ – ഇറാൻ, ഈജിപ്റ്റ് – എത്യോപ്യ, റുവാണ്ട-കോംഗോ യുദ്ധങ്ങൾ അവസാനിപ്പിച്ചത് തൻ്റെ നേട്ടമാണെന്ന് ട്രംപ് പറഞ്ഞു.