കോഴിക്കോട്: പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ എൽഡിഎഫും യുഡിഎഫും നടത്തിയ റാലികൾക്കിടെ സംഘർഷം. പോലീസ് നടത്തിയ ലാത്തിച്ചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്. ഷാഫിയുടെ ചുണ്ടിനാണ് പരുക്കേറ്റത്. ഇതിനിടെ ശ്വാസതടസം അനുഭവപ്പെട്ട ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
അതേസമയം പോലീസ് ലാത്തിചാർജിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കും പരുക്കേറ്റു. റാലിക്കിടെ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ മുഖാമുഖമെത്തിയതോടെ പോലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിവരെ യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും നടന്നു. രണ്ടു പ്രകടനവും നേർക്കുനേർ വന്നതോടെ വാക്കേറ്റവും പിന്നീടു സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം പോലീസ് യുഡിഎഫ് പ്രകടനത്തിനു നേരെ ഏകപക്ഷീയമായി കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു എന്നാണു യുഡിഎഫ് നേതാക്കൾ പറഞ്ഞു. പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.