ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച പുതിയ ചിത്രം “ഫെമിനിച്ചി ഫാത്തിമ”ക്ക് വമ്പൻ പ്രേക്ഷക പ്രതികരണം. റിലീസ് ദിവസത്തെ ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ മുതൽ കേരളമെങ്ങും വലിയ പ്രതികരണമാണ് ചിത്രം നേടുന്നത്. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് മനോഹരമായ ചിത്രമെന്ന അഭിപ്രായമാണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന ചിത്രം ഒരുപാട് ചിരിയും ഒട്ടേറെ ചിന്തയും നിറച്ചാണ് കഥ പറയുന്നത്. അത് കൊണ്ട് തന്നെ കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കുമുൾപ്പെടെ മികച്ചൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
റിയലിസ്റ്റിക് ആയി കഥ പറയുന്ന ചിത്രം ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ സംഭാഷണങ്ങൾക്കും കഥാസന്ദർഭങ്ങൾക്കുമൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിലൂടെ വളരെ സാമൂഹിക പ്രസക്തമായ ആശയങ്ങൾ പലതും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. ഒരു പഴയ “കിടക്ക” ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം വകളാരെ സരസമായി മുന്നോട്ട് പോകുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ചിത്രം കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.
“സു ഫ്രം സോ”, “ലോക” എന്നീ ചിത്രങ്ങൾക്ക് ശേഷം, ഫെമിനിച്ചി ഫാത്തിമയുടെ വീണ്ടുമൊരു മനോഹര സിനിമാനുഭവം മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് “ഫെമിനിച്ചി ഫാത്തിമ”.
IFFK FIPRESCI – മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് – IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്.
ഛായാഗ്രഹണം – പ്രിൻസ് ഫ്രാൻസിസ്, എഡിറ്റിംഗ്- ഫാസിൽ മുഹമ്മദ്, പശ്ചാത്തല സംഗീതം – ഷിയാദ് കബീർ, സൗണ്ട് ഡിസൈൻ – ലോ എൻഡ് സ്റ്റുഡിയോ, റീ റെക്കോർഡിങ് – സച്ചിൻ ജോസ്, ഡിഐ, കളറിസ്റ്റ് – ജോജിൽ ഡി. പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ – പ്രശോഭ് കുന്നംകുളം, മുസ്തഫ സർഗം, വിഷ്വൽ ഇഫക്റ്റ്സ് – വിനു വിശ്വൻ, അസിസ്റ്റന്റ് ഡയറക്ടർ- ആഗ്നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് – ഹിഷാം യൂസഫ് പിവി, സബ്ടൈറ്റിൽ – ഫിൽ ഇൻ ദി ബ്ലാങ്ക്സ്, ടൈറ്റിൽ ഡിസൈൻ – നജീഷ് പി എൻ