തിരുവനന്തപുരം: വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്നതിന്റെ കാരണം ഭർത്താവ് ദിലീപ് ആണെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് മറപപടിയുമായി നടി കാവ്യാ മാധവൻ. കുടുംബജീവിതം പൂർണമായും അനുഭവിച്ചറിയുക എന്ന തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ആ ഇടവേളയ്ക്കു പിന്നിലെന്ന് കാവ്യ തുറന്നുപറഞ്ഞു.
ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങിൽ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ ഈ പ്രതികരണം. ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയിട്ടാണ് ഞാൻ ഒരു ബ്രേക്ക് എടുത്തത്. കാവ്യാ മാധവന്റെ വാക്കുകൾ.വിവാഹശേഷം ദിലീപ്, കാവ്യയെ അഭിനയിക്കാൻ വിടുന്നില്ല എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന കമന്റുകൾക്ക് മറുപടിയായാണ് കാവ്യ ഇത്രയും കാലത്തെ മൗനം ഭേദിച്ചത്.
കാവ്യ മാധവന്റെ ഫാൻസ് പേജുകളിലും ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘‘ദിലീപ് കാവ്യയെയും വീട്ടിലിരുത്തി എന്ന് പറയുന്നവർക്കുള്ള മറുപടി. ഒന്നും അറിയാതെ കമന്റ് ബോക്സിൽ വന്ന് പലതും വിളിച്ച് പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ, അത് അവളുടെ മാത്രം തീരുമാനമായിരുന്നു അതിനെ ബഹുമാനിക്കുക. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടാവും. ഒരു തിരിച്ചു വരവ് ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.’’–കാവ്യയുടെ ഫാൻസ് പേജിൽ വിഡിയോ പങ്കുവച്ച വീഡിയോയിൽ പറയുന്നു.