ഭോപ്പാൽ: കഫ് സിറപ്പ് ദുരന്തത്തിൽ ശ്രീശൻ ഫാർമ ഉടമ രംഗനാഥൻ ഗോവിന്ദൻ അറസ്റ്റിൽ. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിനു പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവിൽ പോയിരുന്നു. പിന്നാലെ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
കഫ് സിറപ്പ് ദുരന്തമുണ്ടായതിനു പിന്നാലെ മരുന്ന് നിർമിച്ച കമ്പനിക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ രംഗനാഥൻ ഒളിവിൽപോയി. ഇയാളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടെയാണ് ബുധനാഴ്ച രാത്രി ചെന്നൈയിൽനിന്ന് ഇയാളെ നാടകീയമായി പിടികൂടിയത്.
അതേസമയം രംഗനാഥനെ പിടികൂടാനായി ഒക്ടോബർ അഞ്ചാംതീയതി മുതൽ മധ്യപ്രദേശ് പോലീസ് സംഘം ചെന്നൈയിൽ തിരച്ചിൽ ആരംഭിച്ചിരുന്നതായാണ് വിവരം. ഇയാളുടെ വീടും ഇയാളുടെ പേരിലുണ്ടായിരുന്ന വാഹനങ്ങളും പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ചെന്നൈയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മനഃപൂർവമല്ലാത്ത നരഹത്യ, മായംചേർക്കൽ, കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്
ഇതിനിടെ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിൽ കഫ് സിറപ്പ് ദുരന്തത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയർന്നു. ചിന്ദ്വാര ജില്ലയിൽ മാത്രം 18 കുട്ടികളാണ് മരിച്ചത്. കഫ് സിറപ്പ് കഴിച്ച് നാഗ്പുരിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് കുട്ടികൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
അതേസമയം കഫ് സിറപ്പ് നിർമിച്ച കാഞ്ചീപുരത്തെ ശ്രേസൻ ഫാർമ യൂണിറ്റുകളിൽ എസ്‌ഐടി പരിശോധന സംഘം പരിശോധന തുടരുകയാണ്. മരിച്ച കുട്ടികളിൽ നടത്തിയ പരിശോധനയിൽ എല്ലാവർക്കും വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സിറപ്പിൽ 48.6% . വ്യവസായിക മേഖലയിൽ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു.