വാഷിങ്ടൺ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി)യുമായി ബന്ധമുള്ള ചൈനീസ് യുവതിയുമായി പ്രണയത്തിലായ നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശ സർവീസിൽനിന്ന് പുറത്താക്കി യുഎസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം. ചൈനയിൽ നിയോഗിച്ചിരുന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ പണിയാണ് പ്രണയത്തിന്റെ പേരിൽ തെറിച്ചത്. ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ചൈനീസ് പ്രണയിനിയും ഉൾപ്പെടുന്ന വീഡിയോ, കൺസർവേറ്റീവ് മുന്നണിപ്പോരാളിയായ ജെയിംസ് ഔകീഫെ ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഉദ്യോഗസ്ഥനെ പുറത്താക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് ടോമി പിഗോട്ടാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ചൈനയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള അമേരിക്കക്കാരായ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ ചൈനീസ് പൗരന്മാരുമായി പ്രണയബന്ധത്തിലോ ലൈംഗികബന്ധത്തിലോ ഏർപ്പെടുന്നതിന് വിലക്ക് നിലവിൽവന്നത് ജോ ബൈഡൻ ഭരണകൂടത്തിന്റെ അവസാനകാലത്തായിരുന്നു.
അതേസമയം സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ച ഈ വിലക്ക് പ്രകാരം ഇതാദ്യമായാണ് ഒരു ഉദ്യോഗസ്ഥൻ ജോലിയിൽനിന്ന് പുറത്താക്കപ്പെടുന്നത്. വിഷയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയും വിലയിരുത്തിയെന്നും സിസിപിയുമായി ബന്ധമുള്ള ചൈനീസ് യുവതിയോടുള്ള പ്രണയം ഒളിപ്പിച്ചുവെച്ചെന്ന് ഉദ്യോഗസ്ഥൻ സമ്മതിച്ചതിന് പിന്നാലെയാണ് നടപടിയെന്നും പിഗോട്ട് കൂട്ടിച്ചേർത്തു.