കൊട്ടാരക്കര: ക്ഷേത്രവഞ്ചികൾ തകർത്ത് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊറ്റങ്കര ആലുംമൂട് ബിൻസിഭവനിൽ ബിജു ജോർജ് (മൊട്ട ബിജു-55) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. നെല്ലിക്കുന്നം തുടന്തല മഠത്തിൽ ഭൂതത്താൻകാവ് സദാശിവമൂർത്തിക്ഷേത്രത്തിൽ നടത്തിയ മോഷണത്തിലാണ് അറസ്റ്റ്.
ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന് 9,500 രൂപയും വഞ്ചിയിൽനിന്ന് 2,000 രൂപയും കവർന്നിരുന്നു. എഴുകോൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയാണ് ഇയാൾ തുടന്തല ക്ഷേത്രത്തിൽ മോഷണം നടത്തിയത്.
വിവിധ ജില്ലകളിലായി പതിനഞ്ചോളം ക്ഷേത്ര മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറയുന്നു. മോഷണത്തിനുശേഷം തമിഴ്‌നാട്ടിലേക്കു കടക്കുന്നതാണ് ഇയാളുടെ രീതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കലയിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.