ഇസ്ലാമാബാദ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി ആദ്യാവസാനം വരെ പിൻതുണ പ്രഖ്യാപിച്ച നിലപാടിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ. നേരത്തെ റഷ്യൻ പ്രധാനമന്ത്രിയും ട്രംപും ചേർന്നു നടത്തി സമാധാന ചർച്ചക്കിടെ. ട്രംപ് മുന്നോട്ടുവച്ച ഇരുപതിന നിർദേശത്തെ പിന്താങ്ങിയ പാക്കിസ്ഥാൻ സ്വന്തം രാജ്യത്തെത്തിയതോടെ അതിൽ നിന്നു പിൻവാങ്ങിയതായാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച പാക്കിസ്ഥാൻ പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾ പിന്തുണച്ച പദ്ധതിയിൽ പിന്നീട് യുഎസ് മാറ്റങ്ങൾ വരുത്തിയെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ സംഘം യുഎസിന് മുന്നിൽ വെച്ചിരുന്ന കരട് നിർദ്ദേശവുമായി പൊരുത്തപ്പെടുന്നതല്ല ട്രംപിൻറെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ പിൻതുണച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയതായും മുന്നോട്ടുവെച്ച നിർദേശങ്ങൾ തങ്ങളുടേതല്ലെന്നും അദ്ദേഹം പറഞ്ഞു
അതേസമയം ട്രംപിന്റെ സമാധാന പദ്ധതിക്ക് പാക്കിസ്ഥാൻ നൽകിയ പരസ്യ പിന്തുണ രാജ്യത്തിനകത്ത് വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. ഗാസ സമാധാന കരാറിനെ പിന്തുണച്ചതിന് പാക്കിസ്ഥാൻ നേതാക്കളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ച് ദിവസങ്ങൾക്കകമാണ് പാക്കിസ്ഥാൻറെ മലക്കംമറിച്ചിൽ. ഗാസ ഭരിക്കുന്ന ഹമാസ് ആയുധം താഴെവെക്കണമെന്നാണ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. കൂടാതെ, യുഎസ് പ്രസിഡന്റ് അധ്യക്ഷനായ ഒരു സമിതി ഗാസയുടെ ഭരണം നിർവഹിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
പലസ്തീൻ മേഖലയിൽനിന്ന് ഇസ്രായേൽ ഘട്ടംഘട്ടമായി പിന്മാറുന്നതിനും ബന്ദികളെ കൈമാറുന്നതിനും അറബ് രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഗാസ പുനർനിർമ്മിക്കുന്നതിനുമുള്ള വ്യവസ്ഥകളും നിർദേശത്തിൽ ഉൾപ്പെടുന്നു. എന്നാൽ, ഒരു പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെക്കുറിച്ച് ഈ ഇരുപതിന നിർദേശത്തിൽ പറയുന്നുമില്ല. കഴിഞ്ഞ ആഴ്ച പദ്ധതി പ്രഖ്യാപിച്ചപ്പോൾ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ഈ കരാറിനെ പിന്തുണച്ചിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പദ്ധതിയെ സ്വാഗതം ചെയ്യുകയും സമാധാനപദ്ധതി നടപ്പാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.