കൊച്ചി: തീരദേശ പരിസ്ഥിതിയെ സംരക്ഷിക്കാനും കണ്ടൽക്കാടുകളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുമായി എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനും (എം.എസ്.എസ്.ആർ.എഫ്) ബുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് കുഴുപ്പിള്ളി ബീച്ചിൽ തുടക്കമായി. ‘കണ്ടൽ കാടുകളുടെ സംരക്ഷണം, പുനഃസ്ഥാപനം’ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റിന്റെ ഔപചാരിക ഉദ്ഘാടനം സെപ്തംബർ 30 ന് ( ചൊവ്വാഴ്ച) പഞ്ചായത്ത് പ്രസിഡന്റ് നിബിൻ .കെ നിർവഹിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥാ മാറ്റവും തീരദേശ ശോഷണവും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ടൽക്കാടുകളുടെ പ്രാധാന്യം, അവ തീരദേശത്തെ സംരക്ഷിക്കുന്നതിലും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിലും വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ച് പദ്ധതിയിലൂടെ ജനങ്ങൾക്ക് അവബോധം നൽകും. എം.എസ്.എസ്.ആർ.എഫിന്റെ കോസ്റ്റൽ റിസോഴ്സ്സ് ആൻഡ് ഫിഷറീസ് ഡയറക്ടർ ഡോ. വേൽവിഴി സ്വാഗതം പറയുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. പ്രകൃതിക്ക് ഇണങ്ങുന്ന വികസനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഡോ. വേൽവിഴി ഓർമ്മിപ്പിച്ചു.
ബുമെർക് ഇന്ത്യ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് തുളസി വർമ്മ ചടങ്ങിൽ പങ്കെടുത്തു. സി.ആർ.സി. അംഗം എം പി ഷാജൻ, എം.എസ്.എസ്.ആർ.എഫിലെ മുരുകേശൻ റ്റി പി, പ്രശസ്ത പൊക്കാളി കർഷകൻ അശോകൻ, എം.ജി.എൻ.ആർ.ഇ.ജി.എ. സൂപ്പർവൈസർ ബിന്ദു, എസ്.എച്ച്. കോളേജ് തേവരയിലെ ഗവേഷക വിദ്യാർത്ഥികൾ, തൊഴിലുറപ്പ് പ്രവർത്തകർ, മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം പ്രോജക്റ്റ് കോഡിനേറ്റർ കെ ടി അനിത നന്ദി പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.