കോഴിക്കോട്: കക്കോടിയിൽ ഞായറാഴ്ചയുണ്ടായ മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവി ചേവായൂർ പോലീസിന്റെ പിടിയിൽ. ഞായറാഴ്ച രാത്രി പ്രിൻസ് ഓഡിറ്റോറിയത്തിനുസമീപം കുറ്റിവയലിൽ പത്മനാഭന്റെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച വെസ്റ്റ്ഹിൽ സ്വദേശി തേവർകണ്ടി അഖിൽ (32) ആണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെ സമീപവാസികളെ കണ്ട് വാഹനമുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു അഖിൽ.
പിന്നീട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും ചേവായൂർ പോലീസിന്റെയും നിരന്തരനിരീക്ഷണത്തിനൊടുവിൽ എലത്തൂർ സ്റ്റേഷൻ പരിധിയിലെ മോരിക്കരയിൽനിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പറമ്പിൽബസാറിലെ അടച്ചിട്ടവീട്ടിൽനിന്ന് ഇരുപത്തിരണ്ട് പവൻ സ്വർണവും പണവും മോഷ്ടിച്ചതടക്കം ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ അഖിലെന്ന് മെഡിക്കൽ കോളേജ് എസിപി എ. ഉമേഷ്, സിറ്റി പോലീസ് ഡിസിപി അരുൺ കെ. പവിത്രൻ എന്നിവർ പറഞ്ഞു.
മോഷ്ടിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പറമ്പിൽബസാറിലെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. ഇതു പിന്തുടർന്നുനടത്തിയ അന്വേഷണമാണ് അഖിലിന്റെ അറസ്റ്റിലെത്തിച്ചത്. പ്രതി പിടിയിലായതോടെ കക്കോടിയിൽനടന്ന പതിനഞ്ചോളം മോഷണക്കേസുകൾക്കാണ് തുമ്പായത്. നിലവിൽ കക്കോടി ചെറുകുളത്തെ സ്വകാര്യബാങ്കിനുസമീപം ഒറ്റത്തെങ്ങ് പ്രദേശത്താണ് പ്രതി വാടകയ്ക്കുതാമസിക്കുന്നത്.
അതേസമയം സാമ്പത്തിക ബാധ്യതകൾ കൂടിയപ്പോൾ പ്രതി കണ്ടെത്തിയ മാർഗമാണ് മോഷണമെന്നാണ് പോലീസ് പറയുന്നത്. ചെരിപ്പുധരിക്കാതെയും കുനിഞ്ഞുമാത്രം നടന്നും മോഷണത്തിനെത്തുന്ന രീതി യൂട്യൂബിൽ നിന്നു ലഭിച്ച അറിവുകളാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഹേഷ്, സബ് ഇൻസ്‌പെക്ടർമാരായ നിമിൻ കെ. ദിവാകരൻ, മിജോ, ഏലിയാസ്, സിപിഒമാരായ പ്രസാദ്, വിജിനേഷ്, രാജേഷ്, ദീപക്, സന്ദീപ്, സിറ്റി സൈബർസെൽ അംഗം എസ്. കൈലേഷ് എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.