ദുബായ്: വാക്ക് ഒന്നേയുള്ളു ഇന്ത്യയ്ക്ക്, നിലപാടൊന്നേയുള്ളു ഇന്ത്യയ്ക്ക്… കിട്ടുന്നത് കോഹിനൂർ രത്നമെങ്കിലും തരുന്നത് പാക്കിസ്ഥാനാണേൽ ഞങ്ങൾക്കു വേണ്ട… ഏഷ്യാ കപ്പിൽ രാജാക്കന്മാരായിട്ടും കിരീടം വാങ്ങാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻറ് മൊഹ്‌സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഇന്ത്യൻ ടീം. നഖ്‌വി പാക് ആഭ്യന്തര മന്ത്രിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും കൂടിയാണ്.
ടൂർണമെന്റിലുടനീളം കൂടെക്കളിച്ച പാക് താരങ്ങളുമായി യാതൊരു തരത്തിലും മമത കാണിക്കാത്ത ഇന്ത്യൻ ടീം കിരീടനേട്ടത്തിലും പതിവ് ആവർത്തിച്ചു. കളിയിലുടനീളം ഹസ്തദാനം ചെയ്യാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതോടെ കിരീടം നേടിയാൽ മൊഹ്‌സിൻ നഖ്വിയിൽ നിന്നും ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലപാടിൽ നിന്നും ഇന്ത്യൻ ടീം മാറാതിരുന്നതോടെ നഖ്‌വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ പ്രതീകാത്മകമായി ട്രോഫി ഉയർത്തി ഇന്ത്യൻ ടീം വിജയാഘോഷം തുടങ്ങി.