ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിൽ കേന്ദ്രസർക്കാരും മോദിയും കൈക്കൊണ്ടുപോരുന്ന മൗനത്തെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഇസ്രയേൽ പാലസ്തീൻ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യ മനുഷ്യാവകാശ വിഷയങ്ങളിൽ മുൻകാലങ്ങളിൽ സ്വീകരിച്ചു പോന്നിരുന്ന നിലപാടുകളെ ഓർത്തെടുത്തുകൊണ്ടാണ് നിലവിലെ മോദി സർക്കാരിന്റെ സമീപനത്തെ സോണിയ ഗാന്ധി വിമർശിക്കുന്നത്. ഇന്ത്യയുടെ നിശബ്ദത പാലസ്തീനോടുള്ള നിസംഗത എന്ന തലക്കെട്ടിൽ ഹിന്ദു പത്രത്തിലാണ് സോണിയ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്.
ആധുനിക സമൂഹത്തിൽ മൗനം എന്നത് നിഷ്പക്ഷതയല്ല, അത് കുറ്റകൃത്യത്തിൽ പങ്കുചേരലാണ് എന്ന വ്യക്തമായ രാഷ്ട്രീയ അഭിപ്രായം സോണിയ ഗാന്ധി ലേഖനത്തിൽ പങ്കുവെക്കുന്നുണ്ട്. മനുഷ്യാവകാശ വിഷയങ്ങളിലെ ഇന്ത്യയുടെ ചരിത്രപരമായ തീരുമാനങ്ങളും നിലപാടുകളും എണ്ണി പറഞ്ഞുകൊണ്ടാണ് സോണിയ ഗാന്ധി തന്റെ ലേഖനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെയും അൾജീരിയയുടെയും ബംഗ്ലാദേശിന്റെയുമെല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഇന്ത്യ കൈകൊണ്ട സുശക്തമായ നിലപാടുകളെ സോണിയ ഗാന്ധി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പാലസ്തീൻ വിഷയത്തിൽ തന്നെ ഇന്ത്യ കൈകൊണ്ട നിർണായകമായ നിലപാടുകളും സോണിയ ഗാന്ധി വ്യക്തമാക്കുന്നുണ്ട്.
1998 നവംബർ 18ന് പലസ്തീന്റെ രാഷ്ട്രപദവി ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച കാര്യവും, 1974 ൽ പി.എൽ.ഒ യെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ എന്ന ചരിത്രവും സോണി ഗാന്ധി തന്റെ ലേഖനത്തിൽ എഴുതിയിട്ടുണ്ട്. പാലസ്തീന് സ്വയംനിർണ്ണയാവകാശം ഉറപ്പാക്കുകയും ഇസ്രയേലുമായുള്ള സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദ്വിരാഷ്ട്ര പരിഹാരം ഇന്ത്യ സ്ഥിരമായി പിന്തുണച്ചിരുന്നു.
കഴിഞ്ഞ പല വർഷങ്ങളിലായി പാലസ്തീന്റെ അവകാശങ്ങളെ ഉറപ്പിക്കുന്ന ഐക്യരാഷ്ട്രയിലെ ഒട്ടനവധി പ്രമേയങ്ങളെ ഇന്ത്യ പിന്താങ്ങിയിരുന്നു. അതേസമയം തന്നെ ഇന്ത്യ ഇസ്രയേലുമായി സമ്പൂർണ്ണ നയതന്ത്ര ബന്ധവും നിലനിർത്തിയിരുന്നു എന്നും സോണിയ ഗാന്ധി ലേഖനത്തിൽ പറയുന്നുണ്ട്. അതായത് ഇന്ത്യ അതിന്റെ ചരിത്രത്തിൽ ഉടനീളം സ്വാതന്ത്ര്യത്തിനും മനുഷ്യത്വത്തിനും മാനവിതയ്ക്കും വേണ്ടി സമാനതകളില്ലാത്ത വിധം നിലകൊണ്ടു എന്ന് സോണിയ ഗാന്ധി വായനക്കാരോട് സംവദിക്കുന്നു.
ശേഷം ഈ വിഷയത്തിലെ കേന്ദ്രസർക്കാരിന്റെ നിലവിലെ നിലപാടുകളെ അതിരൂക്ഷമായ ഭാഷയിൽ തന്നെ വിമർശിക്കുകയാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ. കഴിഞ്ഞ രണ്ടു വർഷമായി, 2023 ഒക്ടോബറിൽ ഇസ്രയേൽ പാലസ്തീൻ സംഘർഷം പൊട്ടിപ്പുറപ്പെട്ട അതിനുശേഷം ഇന്ത്യ പിൽകാല നിലപാടുകളിൽ നിന്ന് പിന്നോട്ടേക്ക് മാറിയെന്ന് സോണിയ ഗാന്ധി പറയുന്നു. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേൽ സിവിലിയൻമാർക്ക് നേരെ അതിക്രൂരവും മനുഷ്യത്വരഹതവുമായ ആക്രമണം നടത്തി. ഇതിനു പിന്നാലെ ഇസ്രയേൽ നൽകിയ തിരിച്ചടിയെ വംശഹത്യ എന്നല്ലാതെ മറ്റൊരു രീതിയിലും വിളിക്കാൻ കഴിയില്ല.
55,000 പാലസ്തീൻ സിവിലിയന്മാർ കൊലചെയ്യപ്പെട്ടു, ഇതിൽ 17000 കുട്ടികളും ഉൾപ്പെടുന്നു. ഗാസയിലെ വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, കാർഷിക–വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തകർന്നു. പാലസ്തീന് ഭക്ഷണം, മരുന്ന്, സഹായം എന്നിവ നൽകുന്നത് ഇസ്രയേൽ സൈന്യം തടഞ്ഞു, പട്ടിണിയിലേക്ക് ജനങ്ങളെ തള്ളിയിട്ടു. ഭക്ഷണം തേടി വരിയിൽ നിന്ന നൂറോളം വരുന്ന സാധാരണക്കാർ ഇസ്രയേലിയൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. ഇത്തരത്തിൽ ഇസ്രയേൽ പാലസ്തീൻ സംഘർഷം ണ്ടാക്കിയ ഭീകരതയുടെ രൂപം സോണിയ ഗാന്ധി തന്റെ ലേഖനത്തിൽ വിവരിക്കുന്നുണ്ട്.
ലോകം ഈ ക്രൂരതകളോട് വളരെ മന്ദഗതിയിലാണ പ്രതികരിച്ചതെന്നും, ആ വേഗതക്കുറവ് പലപ്പോഴും ഇസ്രയേലിന് നടപടികൾക്ക് പരോക്ഷ ന്യായീകരണങ്ങൾ ആയി മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ പല രാജ്യങ്ങളും പാലസ്തീൻ ഔദ്യോഗികമായി അംഗീകരിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ വളരെ സ്വാഗതാർഹമാണ് എന്നും സോണി ഗാന്ധി പറയുന്നു. ആധുനിക സമൂഹത്തിൽ നിശബ്ദത എന്നത് കേവലം നിഷ്പക്ഷതയല്ല അത് കുറ്റകൃത്യത്തിൽ പങ്കുചേരൽ ആണ് എന്ന വളരെ രാഷ്ട്രീയപരമായ ഒരു വാചകം കൂടി സോണിയ ഗാന്ധി ഇതിനോടൊപ്പം കൂട്ടിച്ചേർക്കുന്നുണ്ട്.
ലേഖനത്തിൽ മോദിയുടെ ഈ വിഷയത്തിലെ മൗനത്തെയും പ്രവർത്തികളെയും സോണിയ ഗാന്ധി കൃത്യമായി തന്നെ വിമർശിക്കുന്നുണ്ട്. മനുഷ്യത്വവും ധാർമികതയും ഒഴിവാക്കി മോദി സർക്കാർ മൗനത്തിൽ തുടരുകയാണ്. മുൻകാലങ്ങളിൽ ഈ വിഷയത്തിൽ ഇന്ത്യ കൈകൊണ്ട അചഞ്ചലമായ നിലപാടിനെ ഒരിക്കൽക്കൂടി സോണിയ ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾക്കോ തന്ത്രപരമായ താല്പര്യങ്ങൾക്കോ അല്ല ഇസ്രയേൽ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിൽ നിന്നാണ് ഈ നയം രൂപപ്പെട്ടതെന്നും സോണിയ ഗാന്ധി വിമർശിക്കുന്നുണ്ട്. വ്യക്തിഗതമായ ഈ നയതന്ത്ര ശൈലി ഇന്ത്യയ്ക്കു ഗുണകരമാവില്ലെന്നും ഇന്ത്യയുടെ വിദേശനയത്തെ നയിക്കാൻ അതിന് കഴിയില്ലെന്നും പറയുന്ന സോണിയ ഗാന്ധി യുഎസ് ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളോട് സമാനമായ രീതി സ്വീകരിച്ചത് അവസാനിച്ചത് അപമാനകരമായ രീതിയിൽ ആയിരുന്നു എന്നും കൂട്ടിച്ചേർക്കുന്നുണ്ട്. ഇത്തരത്തിൽ നരേന്ദ്രമോദിയുടെ മൗനത്തെയും, അതിനെ രൂപപ്പെടുത്തുന്ന രാഷ്ട്രീയ താൽപര്യങ്ങളിൽ ഉപരി വ്യക്തി താൽപര്യങ്ങളിൽ കേന്ദ്രീകൃതമായ നയതന്ത്ര സമീപനങ്ങളെയും സോണിയ ഗാന്ധി തന്റെ ലേഖനത്തിൽ കടന്നാക്രമിക്കുന്നുണ്ട്.
പാലസ്തീൻ വിഷയം ഒരു വിദേശനയ വിഷയമെന്ന നിലയിൽ മാത്രം കാണാതെ, ഇന്ത്യയുടെ നൈതികവും സാംസ്കാരികവുമായ പാരമ്പര്യത്തിന്റെ പരീക്ഷണമായി കാണണമെന്ന് സോണിയ ഗാന്ധി പറയുന്നുണ്ട്. പാലസ്തീൻ ജനത പതിറ്റാണ്ടുകളായി കുടിയൊഴിപ്പിക്കലും അധിനിവേശങ്ങളും സഹിക്കുകയും അവരുടെ പൗര-രാഷ്ട്രീയ മനുഷ്യാവകാശങ്ങൾക്കെതിരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളെ നേരിടുകയും ചെയ്തു. അവരുടെ ദുരിതം കൊളോണിയൽ ഭരണകാലത്ത് ഇന്ത്യ നേരിട്ട അവസ്ഥകളെ തന്നെയാണ് ഓർമ്മിപ്പിക്കുന്നത്. അതിനാൽ തന്നെ ചരിത്രാപരമായ സഹാനുഭൂതിയോടെ പാലസ്തീൻ വേണ്ടി നാം നിലകൊള്ളണമെന്നും സോണി ഗാന്ധി പറയുന്നു.
സോണിയ ഗാന്ധിയുടെ ഈ ലേഖനം വർത്തമാനകാല ഇന്ത്യയിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ രാജ്യത്തിന്റെ ചരിത്രത്തെയും അന്താരാഷ്ട്ര തലത്തിലുള്ള നിലപാടുകളെയും ഓർമിപ്പിക്കുന്നതാണ് ഈ ലേഖനം. പാലസ്തീൻ വിഷയത്തിലെ കേന്ദ്രസർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നതിനോടൊപ്പം, വ്യക്തിപരമായ സൗഹൃദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നയതന്ത്ര സമീപനങ്ങളെയും സോണിയ ഗാന്ധി വിമർശിക്കുന്നുണ്ട്. ഇന്ത്യ അമേരിക്ക ബന്ധത്തിൽ എന്താണ് സംഭവിച്ചത് എന്നുള്ള ചോദ്യത്തിനുമുള്ള ഉത്തരം സോണിയ ഗാന്ധിയുടെ നയതന്ത്ര സമീപനത്തെ സംബന്ധിച്ച വിമർശനത്തിലുണ്ട്. മനുഷ്യാവകാശങ്ങൾക്കും മാനവിതയ്ക്കും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ഇന്ത്യ എന്ന മഹത്തായ രാജ്യം ഇനിയും ആ ചരിത്രം തന്നെയാണ് പിന്തുടരേണ്ടത് എന്ന് രേഖപ്പെടുത്തുന്നതാണ് സോണിയ ഗാന്ധിയുടെ ഈ ലേഖനം.