ചെന്നൈ: കരൂർ അപകടത്തിന് കാരണം വിജയ് കാരവാന് മുകളിൽ നിന്ന് കുപ്പികൾ എറിഞ്ഞ് കൊടുത്തതാണെന്ന വിമർശനവുമായി തമിഴ് മാധ്യമങ്ങൾ. കടുത്ത വെയിലത്ത് പൊരിഞ്ഞു നിൽക്കുന്നവർക്കിടയിലേക്ക് വിജയ് കുപ്പി എറിഞ്ഞുകൊടുത്തതോടെ അതു പിടിക്കാൻ ആളുകൾ തിടുക്കം കാട്ടി. ഇതിനിടയിൽ വലിയ തിക്കും തിരക്കുമുണ്ടായി എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ അപകടത്തിന് പിന്നാലെ ആളുകളെ ഒഴിപ്പിക്കുന്നതിനായി പോലീസ് ലാത്തി വീശിയതും വലിയ രീതിയിൽ വിമർശിക്കപ്പെടുകയാണിപ്പോൾ.
അതേസമയം 39 പേരുടെ മരണത്തിന് കാരണമായ കരൂരിലെ ദുരന്തത്തിന് പിന്നിൽ ഡിഎംകെ സർക്കാരിന്റെ വീഴ്ച്ചയാണെന്ന വിമർശനവുമായി ബിജെപി നേതാവ് കെ അണ്ണാമലൈ രംഗത്തെത്തി.
തമിഴ്നാട്ടിൽ ഡിഎംകെ പരിപാടികൾക്ക് മാത്രമേ സർക്കാർ ആവശ്യത്തിന് പോലീസ് സുരക്ഷ നൽകുകയുള്ളൂ എന്നും എത്ര പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് മുൻകൂട്ടി കണക്കാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും ഇത് വലിയ വീഴ്ച്ചയാണെന്നും അണ്ണാമലൈ ആരോപിച്ചു. എന്നാൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് എഡിജിപി പ്രതികരിച്ചു. കരൂറിൽ ദുരന്തമുണ്ടായ ടിവികെ റാലിയിലേക്ക് എത്തിയത് അനുമതി നൽകിയതിലും അഞ്ചിരട്ടിയിലേറെ ആളുകളെന്നും പോലീസ്.
നേരത്തെ പതിനായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തോളം റാലിക്കെത്തിയെന്നാണ് കണക്കാക്കുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം മാധ്യമങ്ങളോട് പറഞ്ഞു.