ഇന്നു നമ്മൾ കേരളം ഏറെ ഗൗരവകരമായി സംസാരിക്കേണ്ട എന്നാൽ നാം വേണ്ടത്ര പരിഗണന കൊടുക്കാത്ത വിഷയമാണ് നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളുടെ സുരക്ഷിതത്വം എന്നത്. ഒരു നാടിന്റെ വികസനം അവന്റെ വിദ്യാലയങ്ങളെ നോക്കിയാൽ മനസിലാക്കാനാകും. അങ്ങനെ നോക്കിയാൽ സംസ്ഥാനത്ത് 16% സ്ഥലങ്ങളിലും വികസനമെത്തിയിട്ടില്ല, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവർ മുഖംതിരിച്ചിരിക്കുകയാണെന്നു പറയേണ്ടിവരും.
കഴിഞ്ഞദിവസം മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം സംസ്ഥാനത്ത് സർക്കാർ അംഗീകാരത്തോട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ അപകടാവസ്ഥയിലുള്ള 1157 അൺഫിറ്റ് കെട്ടിടങ്ങൾ ഉണ്ട് എന്നതാണ് കണക്കുകൾ. ഇത്രയധികം അൺഫിറ്റായ കെട്ടിടങ്ങൾ ഇപ്പോഴും നമ്മുടെ സ്കൂളുകളിൽ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന കണക്കു തന്നെയാണ്. അങ്ങനെ നോക്കിയാൽ സ്കൂളുകളിൽ നമ്മുടെ മക്കൾ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം പറയാൻ ആകില്ല. നമ്മുടെ കുട്ടികൾ വീടുകളിലെ പോലെ തന്നെ സമയം സ്കൂളുകളിലും ചിലവഴിക്കുന്നുണ്ട്, അവിടെ അവർ പൂർണമായും സുരക്ഷിതരാണ് എന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ ഈ കണക്കുകൾ വിരൽചൂണ്ടുന്നതും വിദ്യാഭ്യാസ വകുപ്പിലേക്കും സർക്കാരിലേക്കും ആണ്.
ഈ 1157 അൺഫിറ്റ് കെട്ടിടങ്ങൾ ഉപയോഗിക്കാനാകാത്തതും പൊളിച്ചു നീക്കേണ്ടതുമാണ് എന്നാണ് തദ്ദേശ വകുപ്പ് വിദ്യാഭ്യാസ വകുപ്പിൽ നൽകിയ റിപ്പോർട്ടിൽ ഉള്ളത്. അൺഫിറ്റായ 1157 കെട്ടിടങ്ങളിൽ 891 കെട്ടിടങ്ങൾ സർക്കാർ സ്കൂളുകളിലും 263 കെട്ടിടങ്ങൾ എയ്ഡഡ് സ്കൂളുകളിലും ആണ് സ്ഥിതിചെയ്യുന്നത്. ഉപയോഗിക്കാനാകാത്ത, പൊളിച്ചു കളയേണ്ട കെട്ടിടങ്ങളിൽ 77 ശതമാനവും ഉള്ളത് സർക്കാർ സ്കൂളുകളിലാണ്. നമ്മുടെ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആകെയുള്ളത് 5551 സ്കൂളുകളാണ് ഇവയിൽ പതിനാറ് ശതമാനം സ്കൂളുകളിലും ഉപയോഗമില്ലാത്ത കെട്ടിടങ്ങൾ ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ തന്നെ പറയുന്നു എന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്ര ഗുരുതരമായ ഈ വിഷയത്തെ മാധ്യമം ഉൾപ്പെടെയുള്ള ഏതാനും ചില മാധ്യമങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ, എന്തുകൊണ്ടാണ് മറ്റുള്ള മുഖ്യധാര മാധ്യമങ്ങൾ ഈ വിഷയത്തിന് വേണ്ടത്ര പരിഗണന നൽകാത്തത് എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്രയും അധികം അൺഫിറ്റായ കെട്ടിടങ്ങൾ ഉണ്ട് എന്നതിനേക്കാൾ ഭയപ്പെടുത്തുന്ന കാര്യം ഈ കെട്ടിടങ്ങളിൽ മഹാഭൂരിപക്ഷത്തിലും കുട്ടികളെ ഇരുത്തി അദ്ധ്യായം നടത്തുന്നു എന്നതാണ്. തദ്ദേശസ്ഥാപനങ്ങൾ നിന്ന് ഫിറ്റ്നസ് ലഭിക്കാതെ പ്രവർത്തിക്കാൻ പാടില്ലെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ പോലും മറികടന്നാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാലയങ്ങളിൽ അൺഫിറ്റായ കെട്ടിടങ്ങളുടെ എണ്ണം നൂറിനും മുകളിലാണ്. ആലപ്പുഴയിൽ വിവിധ വിദ്യാലയങ്ങളിലായുള്ള അൺഫിറ്റായ കെട്ടിടങ്ങൾ 134 ആണ്, ഇതിൽ 107 കെട്ടിടങ്ങളും സർക്കാർ സ്കൂളുകളിലാണ് എന്നതാണ് കണക്കുകൾ. സുരക്ഷിതത്വമുള്ള കെട്ടിടങ്ങൾ എന്നത് ഒരു വിദ്യാലയത്തെ സംബന്ധിച്ച് ഏറ്റവും പ്രാഥമികമായ കാര്യങ്ങളിൽ ഒന്നാണ്. അതുപോലും ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നു എങ്കിൽ കേരളം അവകാശപ്പെടുന്ന പൊതു വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ എന്താണെന്ന് നാം പുനർപരിശോധിക്കേണ്ടിയിരിക്കുന്നു.
കൊല്ലം തേവലക്കരയിലെ സ്കൂളിൽ വിദ്യാർഥി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം കേരളത്തെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയിരുന്നു. ഈ സംഭവം സംസ്ഥാനത്തെ സ്കൂളുകളുടെ കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തെ പറ്റിയുള്ള ചർച്ചകൾക്കും പരിശോധനകൾക്കും വഴിവച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കേരളത്തിലെ സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച ചോദ്യങ്ങൾ സർക്കാരിനോട് ഉന്നയിക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. കഴിഞ്ഞദിവസം സി ആർ മഹേഷ് എംഎൽഎ ഇതു സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നൽകിയ മറുപടിയിലാണ് കേരളത്തിലെ വിദ്യാലയങ്ങളിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച കണക്കുകൾ ഉള്ളത്.
ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മറുപടി നൽകേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മറുപടി നൽകുന്ന വിദ്യാഭ്യാസവും മന്ത്രി ശിവൻകുട്ടി ഈ വിഷയത്തിൽ എന്തു നടപടിയാണ് ഇതിനോടകം സ്വീകരിച്ചിട്ടുള്ളത്? കൊല്ലം തേവലക്കരയിൽ സംഭവിച്ചത് പോലെ ഒരു അപകടം ഇനി കേരളത്തിൽ സംഭവിക്കാൻ പാടില്ല. അത് ഒഴിവാക്കാനായി വിദ്യാഭ്യാസ വകുപ്പും കേരള സർക്കാരും എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിച്ചു എന്ന് കേരളത്തോട് പറയേണ്ടതുണ്ട്. മാധ്യമത്തിന്റെ റിപ്പോർട്ടിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആകെയുള്ള സ്കൂളുകളുടെ എണ്ണം 5551 ആണെന്നും ഇതിൽ 16 ശതമാനം വിദ്യാലയങ്ങളിലും ഉപയോഗം അല്ലാത്ത കെട്ടിടങ്ങൾ ഉണ്ടെന്നും വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കണക്കുകൾ പറയുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. ആലപ്പുഴ ജില്ലയിൽ മാത്രം നൂറിലധികം അൺഫിറ്റ് കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് കേരളത്തിൽ ഉണ്ടായത് ? അതിങ്ങനെ തുടർന്നു പോകാൻ ആരാണ് അനുമതി നൽകുന്നത്. തദ്ദേശസ്ഥാപനങ്ങൾ നിന്ന് ഫിറ്റ്നസ് ലഭിക്കാതെ പ്രവർത്തിക്കാൻ പാടില്ലെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പോലും മറികടന്ന് സ്കൂളുകൾ പ്രവർത്തിക്കുമ്പോൾ എന്തുകൊണ്ടാണ് അതിന്മേൽ നടപടികൾ ഉണ്ടാകാത്തത്.
വിദ്യാലയങ്ങൾ സ്മാർട്ട് ആയി എന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് മറു ഭാഗത്ത് നമ്മുടെ സ്കൂളുകളിൽ അൺഫിറ്റായ 1157 കെട്ടിടങ്ങൾ ഉണ്ടെന്ന ഞെട്ടിക്കുന്ന കണക്കും നിലനിൽക്കുന്നത്. മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പല സ്കൂളുകളിലും ഇപ്പോഴും നൂറ് വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾ നിലനിൽക്കുന്നുണ്ട്. ഉപയോഗിക്കാനാവാത്തതാണെന്നും പൊളിച്ചു കളയേണ്ടതാണെന്നും തദ്ദേശ വകുപ്പ് പറയുന്ന കെട്ടിടങ്ങൾ എന്തുകൊണ്ട് പൊളിച്ചു കളയുന്നില്ല എന്ന ചോദ്യത്തിനും സർക്കാർ ഉത്തരം പറയണം. ഉപയോഗിക്കാനാവാത്ത, പൊളിച്ചുകളയേണ്ട അൺഫിറ്റായ കെട്ടിടങ്ങളിൽ ക്ലാസുകൾ ഉൾപ്പെടെ നടക്കുന്നുണ്ട്. ഇത് വലിയ അപകടത്തിലേക്ക് വഴിവയ്ക്കും എന്നിരുന്നിട്ട് പോലും എന്തുകൊണ്ടാണ് ഈ സാഹചര്യത്തിന് മാറ്റം ഉണ്ടാകാത്തത് എന്ന ചോദ്യത്തിനും കേരളത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്.
മലയാളി പല വിഷയങ്ങളിലും രാഷ്ട്രീയപരമായും അല്ലാതെയും മൗനം സ്വീകരിക്കാറുണ്ട്. എന്നാൽ ഈ വിഷയം ഒരു തരത്തിലും അവഗണിക്കപ്പെടാൻ ഉള്ളതല്ല. നമ്മുടെ വിദ്യാർത്ഥികൾ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് പഠിക്കുന്നത് എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് അതിൽ വീഴ്ച പറ്റുമ്പോൾ അത് ചൂണ്ടിക്കാട്ടേണ്ടതും അതിനെ തിരുത്തേണ്ടതും നമ്മൾ ഓരോരുത്തരും ആണ്. സ്മാർട്ടും സേഫുമായ വിദ്യാലയങ്ങളാണ് നമുക്ക് ആവശ്യം. അതിനുവേണ്ടി ആരും സംസാരിച്ചില്ലെങ്കിലും പൊതുജനം സംസാരിച്ചുകൊണ്ടിരിക്കണം.