തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. ഡിഎൻഎ റിപ്പോർട്ടു പ്രകാരം കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎകൾ തമ്മിൽ ബന്ധമില്ലെന്ന് കണ്ടെത്തൽ. കൂടാതെ സഹോദരൻ ഹരികുമാറിന്റെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവ് ആണ്.
പരിശോധനയ്ക്കായി നാലിലധികം പേരുടെ ഡിഎൻഎ സാമ്പിളുകളാണ് അന്വേഷണസംഘം ശേഖരിച്ചത്. പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ കുഞ്ഞിനെ ഒഴിവാക്കാൻ ഇതാണോ കാരണമെന്നും പോലീസ് അന്വേഷിക്കുകയാണ്.
അതേസമയം ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് ശ്രീതുവിന്റെ അറിവോടെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നു കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിലായിരുന്നു. സഹോദരൻ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതിചേർത്തത്. കേസിൽ ഒന്നാംപ്രതിയാണ് ഹരികുമാർ. രണ്ടാം പ്രതിയായാണ് ശ്രീതു. അറസ്റ്റിലായ ശ്രീതുവിനെ ഇന്നു നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. കുഞ്ഞിന്റെ അമ്മാവൻ നേരത്തെ അറസ്റ്റിലായിരുന്നു.