ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. ഷെരീഫിന്റെ പരാമർശങ്ങളെ “അസംബന്ധ നാടകങ്ങൾ” എന്ന് വിശേഷിപ്പിച്ച ഇന്ത്യ, “ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല” എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട്, പാകിസ്ഥാൻ്റെ വിദേശനയത്തിൻ്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവൽക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയിൽ കണ്ടതെന്ന് വിമർശിച്ചു.
പാകിസ്ഥാന്റെ ഭീകരവാദ ചരിത്രം ചൂണ്ടിക്കാട്ടി ഗഹ്‌ലോട്ട് കടുത്ത വിമർശനമുയർത്തി. “ഒരു നാടകത്തിനും എത്ര വലിയ നുണകൾക്കും വസ്തുതകളെ മറച്ചുവെക്കാനാവില്ല. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ ‘റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രിൽ 25-ന് യുഎൻ രക്ഷാസമിതിയിൽ വെച്ച് സംരക്ഷിക്കാൻ ശ്രമിച്ച അതേ പാകിസ്ഥാനാണ് ഇത്,” ഗഹ്‌ലോട്ട് പറഞ്ഞു. വർഷങ്ങളായി ഭീകരവാദത്തെ വളർത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ അത്ഭുതമില്ല.
ഒസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും അതേ സമയം ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണിത്. തങ്ങൾ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാർ അടുത്തിടെ സമ്മതിച്ച കാര്യവും ഈ വേളയിൽ ഓർക്കണം.ഈ ഇരട്ടത്താപ്പ് അതിൻ്റെ പ്രധാനമന്ത്രിയുടെ തലത്തിൽ പോലും തുടരുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ലെന്നും പെറ്റൽ ഗഹ്‌ലോട്ട് കൂട്ടിച്ചേർത്തു.നേരത്തെ, യുഎൻ പൊതുസഭയിൽ സംസാരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, മെയ് മാസത്തിലെ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ചർച്ച ചെയ്യുന്നതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് “സജീവ പങ്ക്” വഹിച്ചതായി അവകാശപ്പെട്ടിരുന്നു.
പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ “രാഷ്ട്രീയ നേട്ടം” നേടാൻ ശ്രമിച്ചുവെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുവെന്നും ഷെരീഫ് ആരോപിച്ചു.തങ്ങളുടെ “പ്രദേശിക അഖണ്ഡതയും ദേശീയ സുരക്ഷയും ലംഘിക്കപ്പെട്ടപ്പോൾ,” യുഎൻ ചാർട്ടറിൻ്റെ ആർട്ടിക്കിൾ 51 അനുസരിച്ചുള്ള “സ്വയം പ്രതിരോധത്തിനുള്ള അവകാശം” ഉപയോഗിച്ചാണ് പാക് സേന പ്രതികരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നും, അദ്ദേഹം തെറ്റായ അവകാശവാദം ആവർത്തിച്ചു. ഇതിനുപുറമെ, ഷെരീഫ് സിന്ധു നദീജല കരാർ ലംഘിച്ചുവെന്ന് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു.