ദുബായ്: ബംഗ്ലദേശിനെ കീഴടക്കി ഏഷ്യാകപ്പ് ഫൈനലിൽ കടന്നതിനു പിന്നാലെ പാക്കിസ്ഥാൻ ഒരു ‘സ്പെഷൽ’ ടീം എന്നു പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൽമാൻ ആഗ. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങളിലാണ് പാക്കിസ്ഥാൻ തങ്ങൾ ഒരു പ്രത്യേക ടീമാണെന്നും ഇന്ത്യയുൾപ്പെടെ ആരെയും തറ പറ്റിക്കാനുള്ള കഴിവുള്ള ടീമാണെന്നും ക്യാപ്റ്റൻ പറഞ്ഞത്.
ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെ 11 റൺസിന് തോൽപിച്ചാണ് പാക്കിസ്ഥാൻ ഫൈനലിന് യോഗ്യത നേടിയത്. 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനൽ. അതേസമയം ഏഷ്യാകപ്പിൽ ഇതാദ്യമായാണ് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ നേർക്കുനേർ വരുന്നത്.
‘‘ഇത്തരം മത്സരങ്ങളിൽ വിജയിച്ചാൽ, ഞങ്ങൾ ഒരു പ്രത്യേക ടീമായിരിക്കണം. എല്ലാവരും നന്നായി കളിച്ചു. ബാറ്റിങ്ങിൽ ചില പുരോഗതി ആവശ്യമാണ്. ഇനിയുള്ള ശ്രമം അതിനായിരിക്കും. വളരെ ആവേശത്തിലാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ആരെയും തോൽപ്പിക്കാൻ തക്ക കഴിവുള്ള ഒരു ടീമാണ് ഞങ്ങൾ. ഞായറാഴ്ച അവരെ തോൽപ്പിക്കാനും ശ്രമിക്കും.’’– സൽമാൻ ആഗ പറഞ്ഞു.
അതുപോലെ പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് നേടിയ ഷഹീൻ അഫ്രീദിയെയും സൽമാൻ ആഗ പ്രകീർത്തിച്ചു. ‘‘ഷഹീൻ ഒരു പ്രത്യേക കളിക്കാരനാണ്. ടീമിന് വേണ്ടതെല്ലാം അദ്ദേഹം ചെയ്യുന്നു. ന്യൂ ബോളിൽ ഞങ്ങൾ നന്നായി പന്തെറിഞ്ഞു. ഇതുപോലെ പന്തെറിഞ്ഞാൽ മിക്ക മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കും.’’– സൽമാൻ ആഗ പറഞ്ഞു. അതേസമയം 136 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ പർവേസ് ഹുസൈൻ ഇമോനെ (0) നഷ്ടമായി. അടുത്ത 3 ഓവർ വിജയകരമായി പ്രതിരോധിച്ചെങ്കിലും അഞ്ചാം ഓവറിൽ തൗഹിദ് ഹൃദോയ് (5), ആറാം ഓവറിൽ സെയ്ഫ് ഹസൻ (18) എന്നിവർ കൂടി വീണതോടെ 3ന് 36 എന്ന നിലയിലാണ് ബംഗ്ലദേശ് പവർപ്ലേ അവസാനിപ്പിച്ചത്. പിന്നാലെ പാക്ക് ബോളർമാർ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ബംഗ്ലദേശ് തകർന്നടിഞ്ഞു. ഷമിം ഹുസൈൻ (30) മാത്രമാണ് ബംഗ്ല നിരയിൽ അൽപമെങ്കിലും ചെറുത്തുനിന്നത്. അവസാന ഓവറുകളിൽ പൊരുതിയ റിഷാദ് ഹുസൈന് (16 നോട്ടൗട്ട്) ബംഗ്ലദേശിന്റെ തോൽവി ഭാരം കുറയ്ക്കാൻ മാത്രമേ സാധിച്ചുള്ളൂ. പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനും തകർച്ചയോടെയായിരുന്നു തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ സാഹിബ്സാദാ ഫർഹാനെ (4) പാക്കിസ്ഥാന് നഷ്ടമായി. രണ്ടാം ഓവറിൽ യുവതാരം സയിം അയൂബും (0) മടങ്ങി. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ്, പാക്കിസ്ഥാനെ 5ന് 49 എന്ന നിലയിലേക്കെത്തിച്ചു. മധ്യനിരയിൽ പൊരുതിയ മുഹമ്മദ് ഹാരിസ് (23 പന്തിൽ 31), മുഹമ്മദ് നവാസ് (15 പന്തിൽ 25) എന്നിവർ ചേർന്നാണ് പാക്ക് ടോട്ടൽ 100 കടത്തിയത്.