ജിദ്ദ: അനുദിനം പുരോഗതിയുടെ പാതയിൽ മുന്നേറി കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തിൽ ജിദ്ദയിലെ അൽറുവൈസിലുള്ള ഐഎംസി ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പ് പ്രവർത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി ഒഐസിസി സന്നദ്ധ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു.
ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി സൗദി ജനതയോടും ഭരണ കൂടത്തോടുമുള്ള നന്ദിയും കടപ്പാടും വിളിച്ചോതുന്നതായി മാറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഏറെ ശ്ലാഘനീയമാണെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ഒഐസിസി ജിദ്ദ റീജിയണൽ കമ്മിറ്റി നിർവാഹക സമിതി അംഗവും സീനിയർ നേതാവുമായ സിടിപി ഇസ്മായിൽ വണ്ടൂർ പറഞ്ഞു.
രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തപ്പെടുന്ന രക്തദാന ക്യാമ്പ് ഏറ്റവും വലിയ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനമാണെന്നും സംഘാടകർ മുക്തകണ്ഠം പ്രശംസ അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയുടെ തൊണ്ണൂറ്റി അഞ്ചാമത് ദേശീയ ദിനത്തിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി വളരെ മഹത്തരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് ഡോ: അഹമ്മദ് ഷേക്ക് (ഐഎംസി ബ്ലഡ് ബാങ്ക് മാനേജർ ) പറഞ്ഞു. ജീവന്റെ അടിസ്ഥാന ഘടകമായ രക്തം ദാനം ചെയ്യുന്നത് തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനമാണെന്നും ആശംസ സന്ദേശത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരായ അഹമ്മദ് സാലിം, ആസിം, എ.എം മുർഷിദ് (ലോജിസ്റ്റിക് സൂപ്പർവൈസർ) എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. വൈകിട്ട് ഖാലിദ് ബിൻ വലീദിലുള്ള അൽ സജ പാർക്കിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രവർത്തകർ കുട്ടികൾക്ക് ബലൂൺ, മിഠായി എന്നിവ വിതരണം ചെയ്ത് സൗദി ദേശീയ ദിനാഘോഷം ഏറെ ഹൃദ്യമാക്കി. ഇസ്മയിൽ കൂരിപ്പൊയിൽ,സമീർ പാണ്ടിക്കാട്, സിപി മുജീബ് കാളികാവ്, അനസ് തുവ്വൂർ, അലിബാപ്പു, മുഹമ്മദ് ഓമാനൂർ, നൗഷാദ് ബഡ്ജറ്റ്, സതീഷ് ബാബു മലപ്പുറം, ഗഫൂർ വണ്ടൂർ, സൽമാൻ ചോക്കാട്,
ഉസ്മാൻ കുണ്ടുകാവിൽ, എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി യു.എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും, ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.