കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ വാങ്ങിയെന്ന സംശയത്തെ തുടർന്ന് സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷൻ നംഖോറിൽ ഇരുപതോളം വാഹനങ്ങൾ പിടികൂടി. നടന്മാരായ പൃത്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ വീടുകളിലും കസ്റ്റംസ് റെയ്‌ഡ് നടത്തി. നടൻ ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ഡിഫൻഡറുൾപ്പെടെയുള്ള വാഹനങ്ങളാണ് സംഘം പിടിച്ചെടുത്തത്. ദുൽഖർ സൽമാന്റെ കാറുകൾ പിടിച്ചെടുത്തതിന് പുറമെ, കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് അറിയിച്ച് സമൻസും നൽകി.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ റിപ്പോർട്ട്. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങളാണ് അധികൃതർ പരിശോധിച്ചുവരുകയാണ്. വാഹന ഡീലർമാരിൽ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം.
അതേസമയം, കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണൽ ടിബി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സെൻട്രൽ സിൽക്ക് ബോർഡ് മെമ്പർ സെക്രട്ടറി എന്നിവരാണ് വാഹനം വാങ്ങിയത്. രണ്ടു വാഹനങ്ങളും ബെംഗളൂരുവിലാണ് നിലവിലുള്ളത്.