ബെൽഫാസ്റ്റ്: യുകെയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ കൊടുംപിരി കൊണ്ടിരിക്കെ നോർത്തേൺ അയർലൻഡിൽ മലയാളി യുവാക്കൾക്കു നേരെ വീണ്ടും ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോർട്രഷിനു സമീപ നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരായ യുവാക്കൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ബിൽ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകൾ ‘എവിടെ നിന്നുള്ളവരാണ്?’ എന്ന് ചോദിച്ച് ആക്രമണം തുടങ്ങിയത്. ഇന്ത്യക്കാരാണെന്നു അറിഞ്ഞതോടെ ‘ഗോ ഹോം’ എന്ന് പറഞ്ഞ് ഇവരെ ഓടിക്കുകയായിരുന്നു. ഇതിനവിടെ അക്രമി സംഘം ഒരാളുടെ തലയ്ക്ക് അടിച്ചു, അയാൾ വീണതോടെ മർദിക്കുകയും ചെയ്തു. അതേ സമയം ഓട്ടത്തിനിടെ മറിഞ്ഞു വീണ മറ്റൊരാളെ അക്രമി സംഘം നിലത്തിട്ട് ചവിട്ടുകയും പരുക്കേൽപ്പിക്കുകയും ചെയ്തു.
തങ്ങൾക്കെതിരെ ആക്രമണം നടത്തിയത് 20 വയസിന് മുകളിലുള്ള അഞ്ചു പേരിലധികകം വരുന്ന സംഘമാണ് ആക്രമണത്തിനു ഇരയായവർ പറയുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായതിന് പിന്നാലെ നോർത്തേൺ അയർലൻഡിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.സമാനമായ റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളും ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ആൻട്രിമിൽ മലയാളികളുടെ കാറുകൾക്കു നേരെ ആക്രമണമുണ്ടായ സംഭവമുണ്ട്.
എന്നുഇതിനിടെ തദ്ദേശീയരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകളിൽ നിന്ന് മലയാളികൾ വിട്ടു നിൽക്കണമെന്ന അഭ്യർഥനയുമായി മലയാളി സംഘടനകളും മുതിർന്ന നേതാക്കളും രംഗത്തെത്തി. പൊതു സ്ഥലത്തുള്ള ആഘോഷങ്ങളും യോഗങ്ങളും നടത്തി തദ്ദേശീയരെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കണം എന്നാണ് ആവശ്യം. കൂടാതെ താമസ കേന്ദ്രങ്ങളിലും മറ്റും മലയാളി സംഘങ്ങൾ ഒത്തുചേരലുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാർ പാർക്കിങ് പോലെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതു തർക്കത്തിലേക്ക് എത്തുന്ന സാഹചര്യവുമുണ്ട്. പരസ്പര ബഹുമാനത്തോടെ സൗകര്യങ്ങൾ ഉപയോഗിക്കുകയും ഇടപെടുകയും ചെയ്യണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.