ലഖ്‌നൗ: ഞായറാഴ്ച നടക്കുന്ന ഇന്ത്യാ-പാക് ഏഷ്യ കപ്പ് പോരാട്ടത്തിൽ ബിസിസിഐക്കെതിരേ രൂക്ഷവിമർശനം. മത്സരം ബഹിഷ്‌ക്കരിക്കാൻ സാമൂഹിക മാധ്യമങ്ങളിലടക്കം ആഹ്വാനങ്ങളുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യയടക്കം സമാനമായ പ്രതികരണവുമായി രംഗത്തെത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിസിനസുകാരനായ ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദിയാണ് വിമർശനവുമായി എത്തിയത്.
ആശാന്യയുടെ വാക്കുകൾ ഇങ്ങനെ-
“പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുണ്ടായ മുറിവിൽ ഉപ്പ് പുരട്ടുന്നതുപോലെ. ആളുകൾ മത്സരം ബഹിഷ്‌ക്കരിക്കണം. ടിവിയിൽ കാണരുത്. ആരും സ്റ്റേഡിയങ്ങളിലും പോകരുത്.” മത്സരത്തിൽനിന്ന് ലഭിക്കുന്ന പണം പാക്കിസ്ഥാൻ ഭീകരവാദത്തിന് ഉപയോഗിക്കും.
“ബിസിസിഐ നിർവികാരമാണ്. പഹൽഗാമിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് യാതൊരു ആദരവുമില്ല. ഞങ്ങളുടെ ക്രിക്കറ്റ് താരങ്ങൾ എന്താണ് ചെയ്യുന്നത്? അവരും രാജ്യസ്‌നേഹികളാണ് എന്നാണല്ലോ പറയുന്നത്. ഒരു തോക്കിൻമുനയിൽ നിർത്തി ബിസിസിഐ പാകിസ്താനെതിരേ കളിക്കാൻ നിർബന്ധിക്കുന്നില്ലല്ലോ. അവർ കളിക്കാൻ വിസമ്മതിക്കണം.”
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ലോ കോളേജ് വിദ്യാർഥിനികളുടെ ആവശ്യം സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു. വിഷയത്തിൽ എന്തിനാണിത്ര തിടുക്കം കാണിക്കുന്നതെന്ന് ആരാഞ്ഞ കോടതി, അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശമാണ് നൽകുന്നതെന്ന് അറിയിച്ചുകൊണ്ട്, ഉർവശി ജെയിനിന്റെ നേതൃത്വത്തിൽ നാല് നിയമ വിദ്യാഥികളാണ് പൊതുതാത്പര്യ ഹർജി നൽകിയിരുന്നത്.
അതേസമയം ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനുമായി കളിക്കുന്നതിൽനിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് കേന്ദ്ര കായികമന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുരാഷ്ട്രങ്ങളും തമ്മിൽ പരമ്പരകൾ നടത്തുന്നതിന് അനുമതിയുണ്ടാവില്ല. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുനെതിരേ ഇന്ത്യ കളിക്കുന്നതിൽ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്.