കൊല്ലം: പഠിക്കാത്തതിന് കൊല്ലം ഏരൂരിൽ നാലര വയസുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. രണ്ട് കാലിലെയും തുടയിൽ രക്തം കട്ടപിടിക്കും വിധം അധ്യാപിക നുള്ളിയെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് തുടകളിൽ രക്തം കട്ടപിടിച്ച പാട് കണ്ടത്. തുടർന്ന് ചോദിച്ചപ്പോൾ അധ്യാപിക ഉപദ്രവിച്ച വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞു. വിവരം അറിഞ്ഞതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.
സംഭവത്തിൽ അധ്യാപികയ്ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. 7 ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിർത്തി. സംഭവം അറിഞ്ഞയുടനെ കുട്ടിയുടെ രക്ഷിതാക്കൾ ആദ്യം പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു. കുട്ടിയെ ഉപദ്രവിച്ച ടീച്ചറോടും സംസാരിച്ചു. തന്നോട് ക്ഷമിക്കണം എന്നാണ് ടീച്ചർ രക്ഷിതാക്കളോട് പറഞ്ഞത്. കുട്ടിയെ അക്ഷരം പഠിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.