ഇംഫാൽ: മണിപ്പൂരിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി മണിപ്പൂരിലെത്തിയ മോദി ചുരാന്ദ്പുരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഇംഫാൽ വിമാനത്താവളത്തിൽ എത്തിയ മോദിയെ ഗവർണർ അജയ് കുമാർ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയലും ചേർന്ന് സ്വീകരിച്ചു.
ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്റേയും നാടാണ് മണിപ്പൂരെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിയുടെ അമൂല്യവത്തായ സമ്മാനമാണ് ഈ മലകൾ. അതേസമയം, അത് നിങ്ങളുടെ നിരന്തര കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുന്നു. മണിപ്പുരിലെ ജനങ്ങളുടെ ആവശേത്തിന് മുമ്പിൽ ഞാൻ സല്യൂട്ട് ചെയ്യുന്നു, മോദി പറഞ്ഞു.വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി മണിപ്പൂരിലെത്തുന്നത്.
സന്ദർശനത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്. ഐസ്വാൾ സന്ദർശനത്തോടെയാണ് പ്രധാനമന്ത്രി ത്രിദിന സന്ദർശനത്തിന് തുടക്കമിട്ടത്. മിസോറാമിനെ ഇന്ത്യൻ റെയിൽശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി- സൈരംഗ് റെയിൽപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി രാവിലെയോടെ ഐസ്വാളിൽ നിർവഹിച്ചു.
അതേസമയം, മോദിയുടെ മണിപ്പൂർ സന്ദർശനം വെറും പ്രഹസനമാണന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വിമർശനം. മോദിയുടെ രാജധർമ്മം എവിടെയെന്നും അദ്ദേഹം ചോദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ നിലവിളി കേൾക്കുന്നതിൽ നിന്നുള്ള ഭീരുത്വം നിറഞ്ഞ ഒളിച്ചോടലാണ് യാത്ര. 2022-ൽ തെരഞ്ഞെടുപ്പിനായാണ് മോദി ഒടുവിൽ മണിപ്പൂരിലെത്തിയത്. മണിപ്പൂർ കലാപത്തിന് ശേഷം 46 വിദേശ യാത്രകൾ നടത്തി. സ്വന്തം പൗരന്മാരോട് രണ്ട് വാക്കുകളാൽ സഹതാപം പ്രകടിപ്പിക്കാൻ മോദിക്ക് കഴിഞ്ഞില്ലെന്നും ഖർഗെ പ്രതികരിച്ചു.