കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ കയ്യിൽ നിന്ന് പ്രതികൾ അടിച്ചുമാറ്റിയത് 4.4 കോടി രൂപ. കഴിഞ്ഞ ദിവസമാണ് തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദിനെ (41) അറസ്റ്റ് ചെയ്തത്. ജൂൺ 25ന് ആണ് തട്ടിപ്പു സംബന്ധിച്ച് ഡോക്ടർ പരാതി നൽകിയത്. എന്നാൽ അന്വേഷണം എവിടെയുമെത്താതെ നീണ്ടുപോയതിനു പിന്നിൽ സൈനുൽ ആബിദിന്റെ ബുദ്ധി. സ്വന്തമായി സ്വന്തമായി മൊബൈൽ നമ്പരില്ലാത്ത ഇയാൾ സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചിരുന്നതെല്ലാം മറ്റുള്ളവരുടെ പേരിലെടുത്ത സിം കാർഡുകളും എടിഎം കാർഡുകളുമെന്ന് പോലീസ് കണ്ടെത്തൽ.
കേസിലെ മറ്റു പ്രതികളായ പെരുമ്പാവൂർ സ്വദേശി റിജാസ് (41), ചെന്നൈ മങ്ങാട് സ്വദേശി മഹബൂബാഷ ഫാറൂഖ് (39) എന്നിവരെ ഓഗസ്റ്റ് 10ന് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ സ്വദേശിയായ സെന്തിൽകുമാർ എന്നയാളുടെ അക്കൗണ്ടിൽ വന്ന 44 ലക്ഷം രൂപ എടിഎം വഴിയും ഓൺലൈൻ ഇടപാടുവഴിയും കൈകാര്യം ചെയ്തിരുന്നത് ഇവരായിരുന്നു. ഡോക്ടറുടെ പണം കൈമാറിയ 18 അക്കൗണ്ടുകളിൽ ഒന്നായിരുന്നു സെന്തിൽകുമാറിന്റെതെന്നും കണ്ടെത്തി.
അതേസമയം സെന്തിലിന്റെ പേരിലെടുത്ത ബാങ്ക് അക്കൗണ്ട്, എടിഎം കാർഡ് എന്നിവയെല്ലാം മഹബൂബാഷ, റിജാസ് എന്നിവർ വഴി സൈനുൽ ആബിദിൻ കൈവശപ്പെടുത്തി. ഇതുപോലെയുള്ള ഒട്ടേറെ അക്കൗണ്ട് നമ്പറുകൾ പ്രതി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നെന്ന് പോലീസ് കണ്ടെത്തി. ഓൺലൈൻ ഷെയർ ട്രേഡിങ് നടത്തുന്നതിനായി പ്രതികൾ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പിലൂടെ ഡോക്ടറെക്കൊണ്ട് അപ്സ്റ്റോക് എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ലാൻ സ്കീമിൽ വൻ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് പലതവണയായി 4,43,20,000 രൂപ നിക്ഷേപിപ്പിച്ചത്.
ആദ്യം ചെറിയ സംഖ്യയാണ് ഡോക്ടർ നിക്ഷേപിച്ചത്. ഇതിന്റെ ലാഭം ഓൺലൈനിലൂടെ പെരുപ്പിച്ചുകാട്ടി കൂടുതൽ തുകകൾ നിക്ഷേപിപ്പിച്ചു. പലതവണയായി 18 അക്കൗണ്ടുകളിലേക്കാണ് ഡോക്ടർ പണം കൈമാറിയത്. ഉടൻ തന്നെ ഈ പണമെല്ലാം തട്ടിപ്പുസംഘം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റുന്നുണ്ടായിരുന്നു. പണം പെരുകിത്തുടങ്ങിയതോടെ സുഹൃത്തുക്കളിൽനിന്നു പണം വാങ്ങി ഡോക്ടർ കൂടുതൽ നിക്ഷേപം നടത്തി. നിക്ഷേപം 4,43,20,000 രൂപയായപ്പോൾ ലാഭം ഇരട്ടിയായെന്നു തെറ്റിദ്ധരിപ്പിച്ചു.
പിന്നാലെ തുക പിൻവലിക്കണമെന്നാവശ്യപ്പെട്ടപ്പോൾ തട്ടിപ്പുസംഘം മുങ്ങുകയായിരുന്നു. കൂടാതെ ഈ വാട്സാപ് ഗ്രൂപ്പും വെൽത്ത് പ്രോഫിറ്റ് പ്ലാനും ഇല്ലാതായി. ഡോക്ടർ പണം നിക്ഷേപിച്ച സെന്തിലിന്റെ അക്കൗണ്ട് വിവരം തേടിയപ്പോഴാണ് അന്വേഷണം റിജാസിനും ബാഷയിലുമെത്തിയത്. റിജാസും ബാഷയുമാണ് തന്നെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചതെന്നും പാസ്ബുക്കും എടിഎം കാർഡും അവർ കൈക്കലാക്കിയെന്നും സെന്തിൽ പോലീസിനോടു പറഞ്ഞിരുന്നു. ഇവരിൽനിന്നാണ് അന്വേഷണം സൈനുൽ ആബിദിൻ എത്തിയത്.
ഫോൺ ഉപയോഗിക്കാത്ത പ്രതിയെ പിടികൂടാൻ പോലീസ് പലതവണ സ്ഥലത്തെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഓഗസ്റ്റ് 20 വരെ മറ്റൊരാളുടെ സിം കാർഡ് ഉപയോഗിച്ച് ഫോൺ ചെയ്തിരുന്നു. സൈനുൽ ആബിദിൻ സ്ഥലത്തെത്തിയപ്പോൾ നാട്ടിൽനിന്നു വിവരം ലഭിച്ചതനുസരിച്ചാണ് പോലീസെത്തി പിടികൂടിയത്. എസ്ഐ ടി.പി.പ്രജീഷ്, എഎസ്ഐ വി.വി.പ്രകാശൻ, സീനിയർ സിപിഒ സി.ജിതിൻ, സിപിഒ സുനിൽ എന്നിവരാണ് പ്രതിയെ എറണാകുളത്തുനിന്നു പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു. ആബിദിന്റെ പേരിൽ വിശാഖപട്ടണത്ത് ഒരു കേസുണ്ട്. കണ്ണൂരിൽ തന്നെയുള്ള മറ്റൊരു ഓൺലൈൻ തട്ടിപ്പുകേസിൽ റിമാൻഡിലായിരുന്ന ആബിദ് ജൂലൈയിലാണ് ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞത്.