ആലപ്പുഴ: വീറോടും വാശിയോടും ചുണ്ടന്‍വള്ളങ്ങള്‍ തുഴയെറിഞ്ഞ നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി. പുന്നമടയിലെ ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കിയാണ് വീയപുരം കപ്പടിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പിബിസി മേപ്പാടം ചുണ്ടന്‍ മൂന്നാമതും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ നാലാമതുമെത്തി.
നാലാം ട്രാക്കിലാണ് വിബിസിയുടെ വീയപുരം ചുണ്ടന്‍ തുഴയെറിഞ്ഞത്. കഴിഞ്ഞതവണ ഫൈനലില്‍ കടന്നിട്ടും കപ്പടിക്കാതെ പോയതിന്റെ നിരാശ അവര്‍ ഇത്തവണ മറികടന്നു. 4:21.084 സമയം കുറിച്ചായിരുന്നു വീയപുരത്തിന്റെ വിജയം. ഒന്നാം ട്രാക്കിലായിരുന്നു കഴിഞ്ഞതവണത്തെ ചാംപ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പിബിസി മേല്‍പ്പാടം ചുണ്ടന്‍ മത്സരിച്ചത്. അവര്‍ക്ക് മൂന്നാമത് എത്താനെ കഴിഞ്ഞുള്ളൂ. നടുഭാഗം 4:21.782. മേല്‍പ്പാടം 4:21.933, നിരണം 4:22.035 എന്നിങ്ങനെയാണ് ഫൈനലില്‍ കുറിച്ച സമയം.
നേരത്തെ ആറ് ഹീറ്റ്‌സുകളിലായി നടന്ന പ്രാഥമിക മത്സരങ്ങളില്‍ ഏറ്റവും മികച്ച സമയം കുറിച്ച 4 ടീമുകളാണ് ഫൈനലില്‍ മത്സരത്തിന് യോഗ്യത നേടിയത്. നടുഭാഗം-പുന്നമട ബോട്ട് ക്ലബ്ബ്, നിരണം-നിരണം ബോട്ട് ക്ലബ്ബ്, വീയപുരം-വിബിസി , മേല്‍പ്പാടം-പിബിസി എന്നിവയാണ് ഫൈനലിന് യോഗ്യത നേടിയത്. ലൂസേഴ്‌സ് ഫൈനലില്‍ തലവടി, പായിപ്പാടന്‍, കാരിച്ചാല്‍, നടുവിലെ പറമ്പന്‍ എന്നിവരാണ് ഫൈനലിലെത്തി.