ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ ഇന്നു മുതൽ പ്രാബല്യത്തിൽ വരുമ്പോൾ, യുഎസിനെ തളയ്ക്കാൻ മറ്റൊരു ശാക്തിക ചേരി രൂപപ്പെടാനുള്ള സാധ്യത ചർച്ച ചെയ്ത് ലോകം. യുഎസിന്റെ തീരുവ ഭീഷണി മറികടക്കാൻ റഷ്യ– ഇന്ത്യ– ചൈന (ആർഐസി) കൂട്ടായ്മയുണ്ടാകുമോ എന്നാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ. ഈ വർഷം അവസാനം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനവും ഓഗസ്റ്റ് അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതും നടക്കാനിരിക്കെയാണ് ഇങ്ങനെയൊരു ചർച്ച ഉരുത്തിരിഞ്ഞു വരുന്നത്.
അതേസമയം ഇന്ത്യക്കെതിരെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ നടപടിയിൽ നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കിക്കഴിഞ്ഞു. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്.
റഷ്യ- യുക്രൈൻ ആക്രമണത്തിൻറെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്കെതിരെയുള്ള തീരുവ നടപടിയെന്ന് നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുവ വർധനയ്ക്ക് പ്രതികാരമായി യു എസ് ഉൽപ്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഇതിനിടെ ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യ, വാഷിംഗ്ടണിൽ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയ്ക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇന്ത്യ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി. അധിക തീരുവ ബാധിക്കാനിടയുള്ള മേഖലകൾക്ക് പാക്കേജ് ആലോചിക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. എത്ര സമ്മർദ്ദം ഉണ്ടായാലും കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും താല്പര്യം സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.