തിരുവനന്തപുരം: എസ്എഫ്‌ഐ കോണ്‍ഗ്രസിനെതിരേ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചിന് എതിരേ ‘സിപിഐഎം കോഴിഫാം’ എന്നെഴുതിയ പോസ്റ്ററുമായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രതിഷേധം പോലീസ് തടയുകയും ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറിയവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോളമാണ് പോസ്റ്ററുമായുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
മുകേഷിന്റെ രാജി ആദ്യം എഴുതി വാങ്ങണമെന്നും എന്നിട്ട് ധാര്‍മികത പഠിപ്പിക്കാന്‍ വരണമെന്നു യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ക്ലിഫ് ഹൗസിലിട്ട് മുകേഷിനെ വളര്‍ത്തിയത് പിണറായിയാണ്. എസ്എഫ്‌ഐ എന്തുകൊണ്ട് മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി പോയില്ലെന്നും രാഷ്ട്രീയമായി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും കോണ്‍ഗ്രസിന്റെ നേതാക്കള്‍ പറഞ്ഞു.
അതേസമയം, സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. സിപിഐഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്‍ പറഞ്ഞു. ‘സിപിഐഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട.
ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’, വി ഡി സതീശന്‍ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.