തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവയ്ക്കണമെന്ന കടുത്ത നിലപാടുമായി കൂടുതൽ നേതാക്കൾ രംഗത്ത്. രാഹുൽ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്കുതന്നെ ദോഷം ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
അതേപോലെ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചുകഴിഞ്ഞു. കുറ്റാരോപിതരെ ഒരിക്കലും പാർട്ടി സംരക്ഷിക്കില്ലെന്നും പാർട്ടി നിലപാട് വൈകില്ലെന്നും കെ. മുരളീധരനും പറഞ്ഞു.
അതേസമയം രാജി സംബന്ധിച്ച് കോൺഗ്രസാണ് തീരുമാനം ഒരു തീരുമാനം കൈക്കൊള്ളേണ്ടതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. എഴുതി നൽകിയ പരാതി ഇല്ലെങ്കിലും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജിവച്ചതായി കെ.മുരളീധരൻ പറഞ്ഞു. തുടർനടപടി വേണ്ട എന്നാണ് പാർട്ടി തീരുമാനിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചു. അതിന്റെ ആധികാരികത പരിശോധിക്കണം. വസ്തുനിഷ്ഠമായി പഠിച്ച് ഉചിതമായ തീരുമാനം പാർട്ടി എടുക്കും. കുറ്റാരോപിതരെ ഒരിക്കലും സംരക്ഷിക്കില്ല. ആരോപണങ്ങൾ പാർട്ടി ഗൗരവത്തോടെ കാണുന്നു. ആർക്കും ആരെക്കുറിച്ചും മുൻകൂട്ടിയുള്ള ധാരണയ്ക്ക് കഴിയില്ലല്ലോയെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
രാജി ആവശ്യം ശക്തമാകുന്നതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടൂരിലെ നെല്ലിമൂടുള്ള വീട്ടിൽ തുടരുകയാണ്. പാലക്കാട്ടെ നേതാക്കൾ രാഹുലുമായി ചർച്ച നടത്തി. രാഹുൽ ഉടനെ പാലക്കാട്ടേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ രാഹുലിന് തന്റെ വാദങ്ങൾ പറയാൻ അവസരം ലഭിച്ചില്ലെന്ന് അനുകൂലിക്കുന്നവർ പറയുന്നു. അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾ രാഹുലിനെ കാണാൻ വീട്ടിലെത്തുന്നുണ്ട്. വൈകിട്ട് ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ചില നേതാക്കൾ പറയുന്നുണ്ട്.