ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെട്ടുള്ള ക്രൂരമർദനത്തിന് പിന്നാലെ യുവതിയെ ഇളയ മകന്റെ കൺമുന്നിലിട്ടു തീകൊളുത്തിക്കൊന്നു. ഗ്രേറ്റർ നോയ്ഡയിലെ സിർസ ഗ്രാമത്തിലാണ് സംഭവം. നിക്കി (26) എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് വിപിൻ അറസ്റ്റിലായി. ക്രൂരമർദനത്തിനിരയാകുന്നതിന്റെയും ദേഹത്ത് തീപടർന്ന നിലയിൽ നിക്കി കോണിപ്പടിയിലൂടെ ഓടിയിറങ്ങുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം വിപിന്റെ മാതാപിതാക്കൾക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വ്യാഴാഴ്ച ഫോർട്ടിസ് ആശുപത്രിയിൽ നിക്കിയെ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ക്രൂരമായ സ്ത്രീധന പീഡനം പുറത്തറിയുന്നത്. നിക്കിയെ വിദഗ്ധ ചികിത്സയ്ക്കായി സഫ്ദർജങ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമധ്യേ മരിക്കുകയായിരുന്നു.
നിക്കിയേയും മൂത്ത സഹോദരി കാഞ്ചനേയും ഒരേ വീട്ടിലേക്കാണ് വിവാഹം കഴിച്ച് അയച്ചത്. സഹോദരിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിക്കിയെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ ദൃശ്യത്തിൽ തീപടർന്ന ശരീരവുമായി നിക്കി പടിക്കെട്ടുകളിലൂടെ ഓടുന്നതും ഒടുവിൽ നിലത്തിരിക്കുന്നതും കാണാം. തുടർന്ന് ഒരു സ്ത്രീ നിക്കിയുടെ ദേഹത്ത് വെള്ളമൊഴിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. നിക്കിയുടെ ദേഹത്ത് എന്തോ ഒഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നെന്ന് നിക്കിയുടെ മകൻ പറഞ്ഞു.
2016ലാണ് സിർസ ഗ്രാമത്തിലുള്ള വിപിനെ നിക്കി വിവാഹം കഴിക്കുന്നത്. ആറുമാസത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ പീഡിപ്പിക്കാൻ തുടങ്ങിയതായി നിക്കിയുടെ സഹോദരി കാഞ്ചൻ പറഞ്ഞു. കാഞ്ചനെയും ഈ കുടുംബത്തിലേക്കാണ് വിവാഹം ചെയ്തയച്ചത്. 36 ലക്ഷം രൂപ സ്ത്രീധനമായി വിപിന്റെ കുടുംബം ചോദിച്ചെന്നും കാഞ്ചൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി വിപിന്റെ മുന്നിൽവച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും അവർ ആരോപിച്ചു.
‘എന്നെ വ്യാഴാഴ്ച പുലർച്ചെ ഒന്നരമുതൽ നാലു മണി വരെ ഉപദ്രവിച്ചു. ഒരാളുടെ സ്ത്രീധനം കിട്ടി. രണ്ടാമത്തെ ആളിന്റേത് എവിടെ എന്നു ചോദിച്ചായിരുന്നു പീഡനം. നീ മരിക്കുന്നതാണ് ഭേദമെന്നും വീണ്ടും വിവാഹം ചെയ്യുമെന്നും എന്റെ ഭർത്താവ് പറഞ്ഞു. ഇതേ ദിവസമാണ് എന്റെ സഹോദരിയെ എന്റെയും കുട്ടികളുടെയും കൺമുന്നിൽവച്ച് ക്രൂരമായി മർദിച്ചത്. അവളെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആരോ അവളെ ആശുപത്രിയിലെത്തിച്ചു. ആരാണെന്നറിയില്ല. എന്റെ ബോധം പോയിരുന്നു. ഞങ്ങൾക്ക് നീതി വേണം.’’– കാഞ്ചൻ പറഞ്ഞു.
ഇരു സഹോദരിമാരെയും 2016-ലാണ് ഒരേ കുടുംബത്തിലേക്ക് വിവാഹം കഴിപ്പിച്ച് അയച്ചത്. വിവാഹവേളയിൽ വിലകൂടിയ എസ്‌യുവിയും മറ്റ് വസ്തുക്കളും നൽകിയിരുന്നെങ്കിലും നിക്കിയുടെ ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടിരുന്നതായി കാഞ്ചൻ പരാതിയിൽ ആരോപിക്കുന്നു. വിവാഹശേഷം അവർ 36 ലക്ഷം രൂപ ചോദിച്ചു. ഞങ്ങൾ അവർക്ക് മറ്റൊരു കാർ നൽകി. എന്നാൽ, അവരുടെ ആവശ്യങ്ങളും പീഡനവും തുടർന്നുകൊണ്ടേയിരുന്നു, കാഞ്ചൻ പരാതിയിൽ ആരോപിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിപിൻ, ഇയാളുടെ മാതാപിതാക്കളായ ദയ, സത്‌വീർ, സഹോദരൻ രോഹിത് എന്നിവർക്കെതിരെയാണ് കേസ്.