തിരുവനന്തപുരം: കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന കള്ളവോട്ട് വിവാദം തൃശൂരിൽ കത്തിപ്പടരുന്നു. തൃശൂരിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
തൃശൂർ മണ്ഡലത്തിൽ കള്ളവോട്ട് ചേർത്തു എന്ന വ്യാപക പരാതി തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായി. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്ക് കള്ളവോട്ട് മണ്ഡലത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തൃശൂരിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കൃത്യമായ വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും സത്യസന്ധമായ വിശദീകരണം നൽകാൻ കഴിയാത്തതുകൊണ്ടാണ് സുരേഷ് ഗോപി മൗനം പാലിക്കുന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കി കള്ളവോട്ട് ചേർത്തു എന്നാണ് മനസിലാക്കുന്നത്. കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. വോട്ടേഴ്സ് ലിസ്റ്റിലെ ഇത്തരം വലിയ മറിമായം കേരളം ഇതുവരെ കണ്ടിട്ടില്ല. അതുപോലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി കോടികൾ ഒഴുക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ഒരു നിമിഷം പോലും തൽ സ്ഥാനത്ത് ഇരിക്കാതെ സുരേഷ് ഗോപി രാജിവെക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.