വാഷിങ്ടൻ: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കെതിരെ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ യുഎസിനു തന്നെ പാരയാകുമെന്ന് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. ട്രംപിന്റെ ഈ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിനെതിരെ ഈ മൂന്നു രാജ്യങ്ങളും ഒന്നിച്ചാൽ അത് ഇരട്ടി ദോഷം ചെയ്യുമെന്നും ജോൺ ബോൾട്ടൻ പറഞ്ഞു.
‘‘തീരുവ വർധന യുഎസിനെ സംബന്ധിച്ചിടത്തോളം ‘ഏറ്റവും മോശം ഫലം’ ആണ് നൽകുന്നത്. റഷ്യയിൽനിന്നും ചൈനയിൽനിന്നും ഇന്ത്യയെ അകറ്റാനായി യുഎസ് പതിറ്റാണ്ടുകളായി ശ്രമിക്കുകയാണ്. ഈ നീക്കത്തെയും തീരുവ നടപടി ദുർബലപ്പെടുത്തും. ഈ നീക്കം യുഎസിന് വൻ തിരിച്ചടിയാകും. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത് യുഎസിന്റെ ഒരു പ്രധാന ലക്ഷ്യത്തെ തന്നെ ദുർബലപ്പെടുത്തി.’’– സിഎൻഎന്നിനോട് സംസാരിക്കവെ ബോൾട്ടൻ വ്യക്തമാക്കി.
അതേസമയം ട്രംപിന് ചൈനയോട് മൃദുസമീപനമാണെന്നും ബോൾട്ടൻ ആരോപിക്കുന്നു. ‘‘ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ‘കരാർ’ ഒപ്പിടാനുള്ള ധൃതിയിൽ ട്രംപ് യുഎസിന്റെ തന്ത്രപരമായ താൽപര്യങ്ങളെ ബലികഴിക്കുകയാണു ചെയ്യുന്നത്. ഈ നീക്കത്തിലൂടെ പുട്ടിന് തന്റെ അജൻഡ മുന്നോട്ടു കൊണ്ടുപോകാനും ഇന്ത്യയ്ക്കു മേൽ യുഎസ് അടിച്ചേൽപ്പിച്ച തീരുവയെ ഒരു വലിയ തന്ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കാനും അവസരം നൽകും.’’ – ബോൾട്ടൻ കൂട്ടിച്ചേർത്തു.