കൊച്ചി: അരയൻകാവിൽ മധ്യവയസ്കയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. അരയൻകാവ് വെളുത്താൻകുന്ന് അറയ്ക്കപ്പറമ്പിൽ ചന്ദ്രിക (58)യെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ അഭിജിത്തിനെ മുളന്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്ക് അടിമയായിരുന്ന ഇയാൾല അമ്മയെ നിരന്തരം മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്നു രാവിലെയാണ് ചന്ദ്രിക മരിച്ചെന്നു മകൻ അയൽക്കാരെ അറിയിക്കുന്നത്. അയൽക്കാർ വന്നു നോക്കുമ്പോൾ കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. എന്നാൽ അമ്മ സാരിയിൽ തൂങ്ങിയാണ് മരിച്ചതെന്നും താനാണ് താഴെ എടുത്തു കിടത്തിയത് എന്നുമായിരുന്നു മകന്റെ വിശദീകരണം. പിന്നാലെ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ തുടങ്ങി. മകൻ കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നും മൃതദേഹത്തിന്റെ കിടപ്പ് കണ്ടിട്ട് തൂങ്ങിമരിച്ചതാകാൻ സാധ്യതയില്ലെന്ന ആരോപണങ്ങളുമായി നാട്ടുകാരും രംഗത്തെത്തി.
മാത്രമല്ല മകൻ മർദിക്കുന്നതിനു ദൃക്സാക്ഷികളുണ്ടെന്നും പലപ്പോഴും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അമ്മയെന്ന പരിഗണന പോലുമില്ലാതെയാണു ചന്ദ്രികയെ ഉപദ്രവിച്ചിരുന്നതെന്നു പഞ്ചായത്ത് വാർഡ് അംഗം ഉമാദേവി സോമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നുരണ്ടു തവണ പോലീസ് വന്നിരുന്നു. കഴിഞ്ഞ ദിവസവും മകൻ തന്നെ ഉപദ്രവിക്കുന്നുവെന്നും ഒന്ന് ഉപദേശിക്കണമെന്നും പറഞ്ഞ് ചന്ദ്രിക വിളിച്ചിരുന്നുവെന്ന് ഉമാദേവി പറഞ്ഞു. തുടർന്നു താൻ വീട്ടിലെത്തി വിളിച്ചെങ്കിലും അഭിജിത് പുറത്തേക്കു വന്നില്ലെന്നും അവർ പറഞ്ഞു.
കൂടാതെ 2 മാസം മുമ്പ് അമ്മയുടെ കഴുത്തിൽ വാക്കത്തി വച്ച് ഭീഷണിപ്പെടുത്തിയതിന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും അന്ന് കയ്യിൽനിന്നു കഞ്ചാവ് പിടിച്ചിരുന്നു എന്നും വിവരമുണ്ട്. മകൻ തന്നെ കൊല്ലുമെന്ന് ചന്ദ്രിക പേടിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. മകനെ പേടിച്ചു പലപ്പോഴും അടുത്തുള്ള ബന്ധുവീടുകളിലാണ് ഇവർ രാത്രി ഉറങ്ങിയിരുന്നത്. ചന്ദ്രികയുടെ ഭർത്താവ് അംബുജാക്ഷൻ ഏതാനും വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു.
അതേസമയം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റി. പരസ്പര വിരുദ്ധമായ മറുപടികളാണ് മകന്റെ ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ചതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും തുടർ നടപടിക്രമങ്ങളെന്ന് പോലീസ് പറഞ്ഞു.